NEWS

അർധരാത്രിയോടെ വെള്ളം ഇരച്ചെത്തി വീടുകൾ മുങ്ങി: കെട്ടിനിന്നത് ഒരു ദിവസത്തിലേറെ


മട്ടന്നൂർ ∙ കാര പേരാവൂർ തെളുപ്പിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നതിനെത്തുടർന്ന് പത്തോളം വീടുകളിൽ വെള്ളം കയറി. വൻ നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കനാലിനടിയിൽ വെള്ളമൊഴുകുന്ന കലുങ്ക് കാലപ്പഴക്കത്താൽ തകരുകയും കനാലിലെ വെള്ളം കലുങ്ക് വഴി ഇരുഭാഗത്തേക്കും ഇരച്ചുകയറുകയുമായിരുന്നു. കനാലിന്റെ ആദ്യഭാഗം തകർന്ന് ഒരു മണിക്കൂറിനുശേഷമാണു മറുഭാഗം തകർന്നത്. തുടർന്ന് ഇരുഭാഗത്തേക്കും വെള്ളമൊഴുകിയെത്തി. മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. തകർന്ന കനാലും റോഡും പുനഃസ്ഥാപിക്കാൻ 2.50 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വെള്ളം കയറിയത് കനാലിന്റെ ആദ്യഭാഗം തകർന്ന വെള്ളം സമീപത്തേക്ക് കുത്തിയൊലിച്ചെത്തി 4 വീടുകളിൽ പൂർണമായും വെള്ളം കയറി. വെള്ളം കയറിയതിനെത്തുടർന്നു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കനാൽ പരിസരത്തെ സി.ഉത്തമൻ, സി.മധു, സി.പ്രശാന്തൻ, സി.കാഞ്ചന എന്നിവരുടെ വീടുകളിലാണു വെള്ളം കയറിയത്. ഉത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും വെള്ളത്തിൽ മുങ്ങി. ഒരു മണിക്കൂറുകൊണ്ടു വീടുകൾ പൂർണമായി വെള്ളത്തിനിടയിലായി. ആദ്യ ഭാഗം പൊട്ടി രണ്ടു മണിക്കൂറിനുശേഷമാണു കനാലിന്റെ മറുഭാഗം തകർന്നത്. ഈ ഭാഗത്തു വെള്ളം കെട്ടിനിന്നില്ല. ഇവിടെ ആറു വീടുകളിലാണു വെള്ളം കയറിയത്. കെ.ഖാദറിന്റെ വീടിന്റെ മതിൽ തകർന്ന് വെള്ളമൊഴുകി. കൃഷിയിടങ്ങളും നശിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ചു.മണിക്കൂറുകളാണു വീടുകൾ വെള്ളത്തിനടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30ന് ആണു വീടുകളിലേക്കു വെള്ളം കയറിയത്.  താഴ്ന്ന പ്രദേശമായതിനാൽ വെള്ളമൊഴുകിപ്പോകാൻ മറ്റു സംവിധാനങ്ങളില്ല. കനാലും റോഡും കീറി ഇന്നലെ വൈകിട്ടോടെയാണ് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടത്. രാത്രി വരെ വീടുകളിൽ പത്തടി ഉയരത്തിൽ വെള്ളം കെട്ടിക്കിടന്നു. വെള്ളം ഒഴുക്കിവിടുന്നതു രാത്രി വൈകിയും തുടരുകയാണ്.


Fashion ⏭️

Back to top button