NEWS
നിക്ഷേപകർക്കു ‘സിംഗിൾ അപ്രൂവൽ’; കായലിലെ ചെളി നീക്കും; ജെൻ സീ ഭാഷ പഠിച്ചത് നേട്ടം: വി.ഡി.സതീശൻ

കോട്ടയം ∙ നിക്ഷേപകർക്കായി നിലവിലെ ഏകജാലക സംവിധാനം കാര്യക്ഷമമാക്കാൻ രണ്ടുമാസത്തിനുള്ളിൽ 22 നിയമങ്ങളിൽ ഭേദഗതികൾ വരുത്തി ഏകഅനുമതി സംവിധാനം (സിംഗിൾ അപ്രൂവൽ) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കോട്ടയത്ത് മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ കൃത്യമായ പദ്ധതി നടപ്പാക്കൽ ചട്ടം (പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ ) കൊണ്ടുവരുമെന്നും ഖജനാവിൽ നിന്നുള്ള പണം ചോർച്ച തടയാൻ ഇതാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം നൂറു കോടിയുടെ പദ്ധതി സമയത്ത് നടപ്പാക്കാതെ പത്തു വർഷം കഴിയുമ്പോൾ ആയിരം കോടി ആവശ്യമായി വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കലുള്ള സർക്കാർ ഭൂമി ഉൾപ്പെടെ അളന്ന് കൃത്യമാക്കി ഡിജിറ്റൽവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ പദ്ധതി നടത്തിപ്പിനുള്ള സർവേ നടപടികളെല്ലാം വേഗത്തിലാകും, വി.ഡി. സതീശൻ പറഞ്ഞു. മലയാള മനോരമയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു, മനോരമ ഓൺലൈൻ സിഇഓ മറിയം മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ പി.ജെ. ജോർജ് എന്നിവർ സ്വീകരിച്ചു.‘ പുതിയ തലമുറയുടെ ഭാഷയും കാഴ്ചപ്പാടും മനസ്സിലാക്കി’ ജനങ്ങൾ അർപ്പിച്ച വലിയ വിശ്വാസം തന്നെയാണ് താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതേക്കുറിച്ച് താൻ പൂർണ ബോധ്യവാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ അത് വലിയ ഉത്തരവാദിത്വവുമാണ്. മുൻ സർക്കാരിന്റെ കുറ്റങ്ങൾ മാത്രം വിളിച്ചു പറയാതെ അടുത്ത സർക്കാർ എന്തു ചെയ്യും എന്ന രീതിയിൽ നടത്തിയ വ്യത്യസ്ത പ്രചാരണമാണ് ജനങ്ങളിൽ വൻ പ്രതീക്ഷകൾ നൽകിയത്. ഭാവി കേരളത്തെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ- ആരോഗ്യ-വ്യവസായ ഉച്ചകോടികൾ നടത്തിയതും പ്രതീക്ഷകൾ വർധിപ്പിച്ചു.
Fashion ⏭️


