BUSINESS
കടൽ കടക്കുന്ന കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്പോർട്ട്’, കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് പുതിയ സാധ്യത

കൊച്ചി ∙ കൈത്തറിയെ ആഗോള വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സസ്റ്റെനബിൾ– എത്തിക്കൽ ബ്രാൻഡായി വളർത്താൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് പുതിയ സാധ്യതയൊരുക്കുന്നു. ആഭ്യന്തര ടെക്സ്റ്റൈൽ വ്യവസായ ശൃംഖലയെ 2030ഓടെ 10000 കോടി ഡോളർ കയറ്റുമതിയിലേക്ക് വളർത്താനുള്ള വൻകിട പദ്ധതികളാണ് ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കുന്നത്. ഇതിനായി രാജ്യത്തെ ഇരുന്നൂറോളം ജില്ലകൾ കേന്ദ്രീകരിച്ച് കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും. െനയ്ത്തുകാർക്കു നേരിട്ട് വിദേശ വിപണിയിലേക്ക് ഉൽപന്നങ്ങളെത്തിക്കാൻ ജില്ലാതലത്തിൽ വർക്ഷോപ്പുകളും സഹായകേന്ദ്രങ്ങളും തുറക്കും.യൂറോപ്പിലേക്കുള്ള കയറ്റുമതി വസ്ത്രങ്ങൾക്കു ഡിജിറ്റൽ പ്രോഡക്ട് പാസ്പോർട്ട് (ഡിപിപി) നിർബന്ധമാക്കുന്ന നടപടി, സഹകരണസംഘങ്ങൾ വഴി പ്രവർത്തിക്കുന്ന കേരളത്തിലെ നെയ്ത്തുകാർക്ക് ഏറെ ഗുണകരമാകും. വസ്ത്രം നെയ്ത ഗ്രാമം, നെയ്ത്തുകാരന്റെ വിവരങ്ങൾ, നിർമാണത്തിനുപയോഗിച്ച നൂലുകൾ, പരിസ്ഥിതി സുരക്ഷിതത്വം എന്നീ വിവരങ്ങളാണ് ഡിജിറ്റൽ പ്രോഡക്ട് പാസ്പോർട്ട് എന്ന ക്യൂആർ കോഡിൽ ഉൾപ്പെടുക. ഇതുവഴി സീറോ കാർബൺ വിന്റേജ് വെയർ എന്ന ബ്രാൻഡിങ്ങോടെ കേരളത്തിലെ കൈത്തറി വസ്ത്രങ്ങൾക്ക് ആഗോള വിപണിയിൽ ഉയർന്ന വില നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.കയറ്റുമതി ലക്ഷ്യമിട്ട് ഡിസൈനർ ഡൈവേഴ്സിഫിക്കേഷൻ നടക്കുന്നതോടെ വർഷം മുഴുവൻ നെയ്ത്തുകാർക്കു ജോലി ഉറപ്പാക്കാനാകും. ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി കൈത്തറി മേഖലകൾ പ്രീമിയം റിസോർട് വെയറും സ്റ്റോളുകളും ഉൾപ്പെടെയുള്ള വ്യത്യസ്ത ഉൽപന്ന സാധ്യതകളും ലക്ഷ്യമിടുന്നു. വിദേശത്തേക്കു ഹോം ലിനൻ ഉൾപ്പെടെ കയറ്റിയയ്ക്കുന്ന കണ്ണൂരിലെ നെയ്ത്തു സംഘങ്ങൾക്കും ഗുണം ലഭിക്കും.
Travel ⏭️


