NEWS

പ്രതിഷേധം കടുപ്പിച്ച് മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം, കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുന്നു

കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിലെ പ്രതിഷേധം (screengrab)

തിരുവന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഷിജിന്റെ ഭാര്യ സിജിയും രണ്ടുകുട്ടികളുമുൾപ്പെടെയുള്ള ബന്ധുക്കളാണ് കനത്ത മഴയെപ്പോലും അവഗണിച്ച് പ്രതിഷേധിക്കുന്നത്. ഭർത്താവിനെ കണ്ടെത്തിത്തരണമെന്നും ഭർത്താവിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാതെ പൊലീസ് സ്റ്റേഷനുമുന്നിൽ നിന്ന് മാറില്ലെന്നുമാണ് സിജി പറയുന്നത്.

കാണാതായ അന്നുമുതൽ ഷിജിനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും കാര്യക്ഷമമായിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് ഷിജിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുള്ളവർ കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ എത്തിയത്.

അപകടം സംഭവിച്ചപ്പോൾ മുതൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികളും ആരോപിക്കുന്നത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചിട്ടും അന്ന് ഉച്ചവരെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ നേവിയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി വീണ്ടും തെരച്ചിൽ ഊർജിതമാക്കിയതെന്നാണ് അവർ പറയുന്നത്.

ഇവിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയാണ് ഷിജിനെ കണ്ടെത്താനുള്ള നടപടികൾക്ക് തടസമാകുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

English Summary

The family of Shijin, a fisherman missing after a boat capsized at Muthalapozhi, is protesting outside Anchuthengu Coastal Police Station in Thiruvananthapuram. They allege inefficient search operations by authorities, demanding urgent action to locate him. Shijin’s wife and children are participating, enduring heavy rain. Officials cite adverse weather hindering search efforts for the missing person.
RELATED TOPICS: MUTHALAPOZHI SHIJIN, SHIJIN MISSING CASE, KERALA PROTEST, MUTHALAPOZHI NEWS, SHIJIN FAMILY PROTEST

Read News ⏭️

Back to top button