BUSINESS
Q1 Results: മികച്ച നേട്ടവുമായി എൽ.ഐ.സി ജൂൺപാദഫലങ്ങൾ; അറ്റാദായത്തിൽ 23% വർധന

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ജൂൺ പാദഫലങ്ങളിൽ (Q1FY27) നേട്ടം. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 10,986 കോടി രൂപയിൽ നിന്ന് 23% വർധനയോടെ 13,492 കോടിയായി മാറി. സമാന കാലയളവിൽ അറ്റ പ്രീമിയം വരുമാനം 7% ഉയർന്ന് 1.27 ലക്ഷം കോടി രൂപയിലെത്തി.ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി തങ്ങളുടെ അപ്രമാദിത്വം തുടരുന്ന കാഴ്ച്ചയാണുള്ളത്. ആകെ വിപണി വിഹിതം 60.1% എന്ന നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇൻഡിവിഡ്വൽ ബിസിനസ് സെഗ്മെന്റിലെ വിഹിതം 38.89%, ഗ്രൂപ്പ് ബിസിനസ് വിഭാഗത്തിലെ വിഹിതം 70.9% എന്നിങ്ങനെയാണ്.കമ്പനിയുടെ ആകെ ഇൻഡിവിഡ്വൽ ബിസിനസ് പ്രീമിയം കഴിഞ്ഞ വർഷത്തെ ജൂൺ പാദ്തതിലെ 71,474 കോടി രൂപയിൽ നിന്ന് ഈ ജൂൺ പാദത്തിൽ 6% ഉയർന്ന് 75,416 കോടി രൂപയായി മാറി. സമാന കാലയളവിൽ ഗ്രൂപ്പ് ബിസിനസ് പ്രീമിയം വരുമാനം 9% വളർച്ചയോടെ 47,726 കോടിയിൽ നിന്ന് 51,834 കോടി രൂപയായി മാറി.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 30.4 ലക്ഷം പോളിസികളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പാദത്തിൽ ഇൻഷുറൻസ് കമ്പനി വ്യക്തിഗത വിഭാഗത്തിൽ 31.02 ലക്ഷം പോളിസികൾ വിറ്റഴിച്ചു. ഇത് 2% വളർച്ച രേഖപ്പെടുത്തുന്നു.Annualised Premium Equilant (APE) അടിസ്ഥാനത്തിൽ, 2027 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ആകെ പ്രീമിയം 13,692 കോടി രൂപയായി. ഇതിൽ വ്യക്തിഗത ബിസിനസ്സ് 7,532 കോടി രൂപയും (55%), ഗ്രൂപ്പ് ബിസിനസ്സ് 6,160 കോടി രൂപയുമാണ് (45%) സംഭാവന ചെയ്തത്.വ്യക്തിഗത ബിസിനസ്സിൽ, പാർട്ടിസിപ്പേറ്റിങ് ഉൽപ്പന്നങ്ങൾ APEയുടെ 67.51% അഥവാ 5,085 കോടി രൂപയായിരുന്നു. നോൺ-പാർട്ടിസിപ്പേറ്റിങ് ഉൽപ്പന്നങ്ങൾ 32.49% അഥവാ 2,447 കോടി രൂപ സംഭാവന ചെയ്തു. കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 2,142 കോടി രൂപയിൽ നിന്ന് നോൺ- APE 14% വർദ്ധിച്ചു. വ്യക്തിഗത ബിസിനസ്സ് APE-യിലെ വിഹിതം 30.34%-ൽ നിന്ന് 32.49% ആയി വർധിച്ചു.കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2.17-ൽ നിന്ന് Solvency ratio 2.42 ആയി ഉയർന്നു. മൊത്തം ചെലവ് അനുപാതം സമാന കാലയളവിൽ 10.47 ശതമാനത്തിൽ നിന്ന് 16 ബേസിസ് പോയിന്റ് വർദ്ധിച്ച് 10.63 ശതമാനമായി.2026 ജൂൺ 30 പ്രകാരമുള്ള കണക്കുകളിൽ എൽ.ഐ.സി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി കഴിഞ്ഞ വർഷത്തെ 57.05 ലക്ഷം കോടി രൂപയിൽ നിന്ന് 4% വർദ്ധിച്ച് 59.39 ലക്ഷം കോടി രൂപയായി.
Read News


