NEWS

‘ജെൻ സീ തലമുറയെ ഞാൻ‍ കണ്ണുമടച്ച് വിശ്വസിക്കും, നമ്മുടെ ആളുകൾ; പ്രതിഷേധിച്ചെന്ന് കരുതി അവർ രാജ്യദ്രോഹികളല്ല’


മുംബൈ∙ ജെൻ സീ തലമുറയെ താൻ കണ്ണുമടച്ചു വിശ്വസിക്കുന്നെന്നും അവർ നമ്മുടെ ആളുകളാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രതിഷേധം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രതിഷേധത്തിൽ പങ്കെടുത്തെന്നു കരുതി അവർ രാജ്യദ്രോഹികളല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ‘ഇന്ത്യ ഇന്റർനാഷനൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്’ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ജെൻ സീകൾ ഏതെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്തെന്നു കരുതി അവർ രാജ്യദ്രോഹികളല്ലെന്നു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ നമ്മുടെ അടുത്ത തലമുറയാണ്. അവരും നമ്മളും പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. അപ്പോൾ മാത്രമേ അവരുടെ ആശങ്കകൾ മനസ്സിലാക്കാൻ സാധിക്കു. ജെൻ സീയും ജെൻ ആൽഫയും കൂടുതൽ സത്യസന്ധരാണ്. അവർക്ക് ഈ രാജ്യത്തോടു സത്യസന്ധതയുണ്ട്. അവരിൽ ദേശഭക്തിയും സേവനത്തിനുള്ള പ്രതിബദ്ധതയുമുണ്ട്’’– മോഹൻ ഭാഗവത് പറഞ്ഞു.‘‘ഇന്നത്തെ തലമുറ അധികാരത്തെ ചോദ്യം ചെയ്യാൻ സന്നദ്ധരാണ്. എന്നാൽ ഞങ്ങൾ ഒരിക്കലും അധികാരികളെ ചോദ്യം ചെയ്തിരുന്നില്ല. എന്നാൽ ജെൻ സീയും ജെൻ ആൽഫയും അധികാരത്തെ ചോദ്യം ചെയ്യുകയും യുക്തിസഹമായ ഉത്തരങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നതിൽനിന്നു യുവാക്കളെ ഞാൻ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല. എന്നാൽ അതിനു കൃത്യമായ വഴിയുണ്ടാകണം. യുവജനങ്ങൾ ശബ്ദമുയർത്തുന്നത് എതിർക്കാൻ വേണ്ടിയല്ല, മറിച്ചു മെച്ചപ്പെടുത്തലിനു വേണ്ടിയാണെന്നു നാം മനസ്സിലാക്കണം’’– അദ്ദേഹം പറഞ്ഞു. 


Fashion ⏭️

Back to top button