NEWS
ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; നടപടി കാരണം കാണിക്കൽ നോട്ടിസ് പോലുമില്ലാതെന്ന് കോടതി

കൊച്ചി/കോഴിക്കോട്∙ താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫ്രഷ് കട്ട് പ്ലാന്റ് ഉടമകളുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്താനും കോടതി നിർദേശിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിൽ മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്ടറും സംയുക്ത പരിശോധന നടത്താനാണു നിർദേശം. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്ലാന്റിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക. കേസ് 13 ന് വീണ്ടും പരിഗണിക്കും. ഫ്രഷ് കട്ട് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ സൂചിപ്പിച്ചതുപോലെ പ്ലാന്റിലെ മാലിന്യം ജനവാസപ്രദേശത്തിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണം സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ ലഭ്യമല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
Fashion ⏭️


