NEWS
മോദിയുടെ വിദേശയാത്ര; ഈ വർഷം ഇതുവരെ ചെലവായത് 74.59 കോടി; സന്ദർശിച്ചത് 13 രാജ്യങ്ങൾ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി ഈ വർഷം ഇതുവരെ കേന്ദ്രം ചെലവാക്കിയത് 74.59 കോടി രൂപ. 2021 മുതൽ ഈ വർഷം ജൂലൈ വരെ 557.51 കോടി രൂപയും ചെലവഴിച്ചതായി കേന്ദ്രം വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. എംപിമാരായ സഞ്ജയ് സിങ്, വി.ശിവദാസൻ എന്നിവരുടെ ചോദ്യങ്ങൾക്കു വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയാണു മറുപടി നൽകിയത്.ഈ വർഷം ജൂലൈ വരെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി 74,58,93,797 രൂപ ചെലവായി. 13 രാജ്യങ്ങളിലാണ് അദ്ദേഹം 2026 ൽ സന്ദർശനം നടത്തിയത്. മലേഷ്യ, ഇസ്രയേൽ, യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി, ഫ്രാൻസ്, സ്ലോവാകിയ, സീഷെൽസ്, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. അതിൽ തന്നെ നോർവെ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ പണം ചെലവായത് (17,46,50,390 രൂപ). ഇസ്രയേൽ യാത്രയ്ക്കായി 1,92,25,938 രൂപയും ചെലവായി.2025 ജൂലൈയിലും പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പങ്കുവച്ചിരുന്നു. 2021 മുതൽ 2024 വരെയുള്ള അദ്ദേഹത്തിന്റെ വിദേശ യാത്രകൾക്കായി ഏകദേശം 295 കോടി രൂപ ചെലവഴിച്ചെന്നാണ് അന്നു വ്യക്തമാക്കിയത്. 2024 ൽ റഷ്യ, യുക്രെയ്ൻ, യുഎസ്, ബ്രസീൽ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിലെ സന്ദർശനത്തിനായി ഏകദേശം 109 കോടി രൂപ ചെലവഴിച്ചു. 2023 ൽ ഏകദേശം 93 കോടി രൂപയും 2022 ൽ 55.82 കോടി രൂപയും, 2021 ൽ ഏകദേശം 36 കോടി രൂപയുമാണു ചെലവഴിച്ചത്.
Fashion ⏭️


