AUTO

വാഹനങ്ങൾ തമ്മിൽ മിണ്ടണം; വി2വി സാങ്കേതിക സംവിധാനം നിര്‍ബന്ധിതമാക്കാൻ കേന്ദ്ര സർക്കാർ


ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍(V2V) ആശയവിനിമയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിര്‍ബന്ധിതമാക്കും. 2028 ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായിട്ടാവും വി2വി പുതിയ വാഹനങ്ങളില്‍ നടപ്പിലാക്കുക. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ഇതോടെ വലിയ തോതില്‍ വി2വി സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യത്തെ മുന്‍നിര വാഹന വിപണികളിലൊന്നായി ഇന്ത്യ മാറും. നിലവില്‍ വി2വി സാങ്കേതികവിദ്യ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ 2027 ഒക്ടോബര്‍ ഒന്നു മുതല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഘട്ടങ്ങളായി നിയമം നടപ്പാക്കുന്നതിലൂടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാനും വാഹനങ്ങളില്‍ സജ്ജീകരിക്കാനും നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സാവകാശം ലഭിക്കും. ഭാവിയില്‍ റോഡ് സുരക്ഷയില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് വി2വി സാങ്കേതികവിദ്യയുടെ വരവ് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വി2വി എന്ത്?പദ്ധതി നടപ്പിലാക്കാന്‍ വേണ്ട വിപുലമായ മുന്നൊരുക്കം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. വി2വി സാങ്കേതികവിദ്യക്കും ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം ആപ്ലിക്കേഷനുകള്‍ക്കുമായി 5.875GHz മുതല്‍ 5.925GHz വരെയുള്ള സ്‌പെക്ട്രം ബാന്‍ഡ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അപകട മുന്നറിയിപ്പുകള്‍ അതിവേഗം കൈമാറാന്‍ ഈ പ്രത്യേക സ്‌പെക്ട്രം അത്യന്താപേക്ഷിതമാണ്. ചൈന, ജപ്പാന്‍, അമേരിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ സെല്ലുലാര്‍ വി2വി സാങ്കേതികവിദ്യ അതിവേഗത്തില്‍ നടപ്പാക്കുന്ന രാജ്യം ചൈനയാണ്. കരട് നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ വാഹന രംഗത്തും വി2വി വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നിലവില്‍ കരട് രേഖ പൊതുജനങ്ങളുടേയും മറ്റു പങ്കാളികളുടേയും അഭിപ്രായ രൂപീകരണത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്.


Sports ⏭️

Back to top button