NEWS

വന്ദേഭാരതിൽ വായിലൊട്ടും വട; പരിപ്പുവടയ്ക്കുള്ളിൽ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്


ചെന്നൈ ∙ മൈസൂരു – ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു നൽകിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിൽ ഫെവിക്വിക്ക് പശയുടെ ട്യൂബ്. ചായയ്ക്കൊപ്പം നൽകിയ പരിപ്പ് വടയ്ക്കുള്ളിലാണ് ട്യൂബ് കണ്ടെത്തിയത്. വട കടിച്ചപ്പോൾ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ഇതു കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് താൻ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരൻ പറഞ്ഞു. ഐആർസിടിസിക്കും പരാതി നൽകിയതോടെ, അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായും യാത്രക്കാരൻ പറഞ്ഞു. ട്രെയിൻ നമ്പർ 20608 ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ അംഗങ്ങൾക്കാണ് ദുരനുഭവം ഉണ്ടായത്. വൈകിട്ട് 3 മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് യാത്രക്കാരനായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഡി. ശേഖർ എന്ന യാത്രക്കാരൻ പരിപ്പുവട കഴിക്കാൻ കടിച്ചപ്പോഴാണ് ഉള്ളിൽ ഒളിഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് കണ്ടത്. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്തു. ഉടൻ അദ്ദേഹം ഇത് വായ്ക്കകത്തുനിന്നും നീക്കം ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.


Fashion ⏭️

Back to top button