NEWS
സമരവേദിയിൽ രാജിവച്ച പൊലീസുകാരൻ മുൻപേ സസ്പെൻഷനിൽ; പിരിച്ചുവിടാനുള്ള നടപടി തുടങ്ങി

ന്യൂഡൽഹി ∙ ജന്തർ മന്തറിൽ സിജെപിയുടെ സമരസ്ഥലത്ത് എത്തി നേതാവ് അഭിജീത് ദീപ്കെയുടെ കയ്യിൽ രാജി സമർപ്പിച്ച ഉദ്യോഗസ്ഥനെ ഉടൻ പിരിച്ചുവിടുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഉത്തരാഖണ്ഡ് പൊലീസിലെ ഉദ്യോഗസ്ഥനായ ഷേർ സിങ് യൂണിഫോമിലെ ബാഡ്ജ് വലിച്ചൂരി അഭിജീത് ദീപ്കെയ്ക്ക് നൽകിയത്. ഈ സംഭവത്തിനു പിന്നാലെയാണ് ഷേർ സിങ്ങിനെ സേനയിൽനിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിലെത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥൻ ഉത്തരാഖണ്ഡ് പൊലീസിൽ ജോലി ചെയ്യുന്ന ഷേർ സിങ് ആണെന്ന് കണ്ടെത്തിയത്. ജൂലൈ 20 മുതൽ ഷേർ സിങ് സസ്പെൻഷനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനും പൊലീസ് സൂപ്രണ്ട് നൽകിയ നോട്ടിസിന് മറുപടി നൽകാതിരുന്നതിനും ആയിരുന്നു നടപടി.
Fashion ⏭️


