LIFESTYLE

ലോകകപ്പ് ഫുട്ബാൾ സീസണിൽ കേരളം ചെലവിട്ടത് 35 കോടിയിലേറെ രൂപ ,​ ഏറ്റവും കൂടുതൽ പണം വാരിയ വിപണിയിതാണ്


പ്രതീകാത്മക ചിത്രം

കൊച്ചി: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അതിർത്തികൾ കടന്ന് കേരള തീരത്തെത്തിയപ്പോൾ, മലയാളി ആരാധകർ കാട്ടിക്കൂട്ടിയ കളിഭ്രാന്ത് ‘ചില്ലറയൊന്നും” ആയിരുന്നില്ല. കളി കണ്ട് കൈയടിക്കുക മാത്രമല്ല, കൈയിലിരുന്ന കാശ് വാരിയെറിയുകയും ചെയ്തു. ജേഴ്സിയും കൂറ്റൻ ഫ്ലക്സുകളും വാങ്ങിക്കൂട്ടാൻ മാത്രമായി കേരളം ചെലവിട്ടത് 35 കോടിയിലധികം രൂപ!

കവലകളിൽ ആരുടെ ഫ്ലക്സിനാണ് വലിപ്പം എന്നതിനെച്ചൊല്ലിയുള്ള ആരാധകരുടെ അഭിമാനപോരാട്ടം വ്യാപാരികൾക്ക് ലോട്ടറിയായി. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് അച്ചടിച്ചത് 25 കോടി രൂപയുടെ ഫ്ലക്സുകളാണ്. ഫ്ലക്സ് പ്രിന്റിംഗിലും വടക്കൻ കേരളം തന്നെ മുന്നിലെത്തി. ലോകകപ്പ് കഴിഞ്ഞതോടെ ഫ്ലക്സുകൾ പരിസ്ഥിതിക്ക് ദോഷമാകാത്ത രീതിയിൽ പുനരുപയോഗിക്കാൻ വ്യാപാരികൾ തന്നെ തിരികെ വാങ്ങുന്ന മാതൃകാപരമായ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ഫ്ലക്സ് കഴിഞ്ഞാൽ പണം വാരിയത് ജേഴ്സി വിപണിയാണ്. 10 കോടിയോളം രൂപയുടെ ജേഴ്സികളാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം ‘ജേഴ്സി ഡേ” സംഘടിപ്പിച്ചത് വില്പന കുതിച്ചുയരാൻ കാരണമായി. ജേഴ്സി വില്പനയിലെ പകുതിയും മലപ്പുറം ജില്ലയിൽ മാത്രമാണ്. അഞ്ച് കോടിയോളം രൂപയുടെ കച്ചവടം. തൃശൂരും കോഴിക്കോടുമാണ് തൊട്ടുപിന്നിൽ.

തണുപ്പൻ തെക്കൻ കേരളം

രാജ്യത്തെ ഫുട്ബാൾ വിപണിയിൽ വലിയ ഉണർവുണ്ടായ ഏക സംസ്ഥാനം കേരളമാണ്. എന്നാൽ തെക്കൻ കേരളം ലോകകപ്പ് വിപണിയെ വലിയതോതിൽ തുണച്ചില്ല. ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലും തരക്കേടില്ലാത്ത വില്പന നടന്നു. പുതുതലമുറയ്ക്ക് ഫുട്ബാളിനോട് പ്രിയമേറിയത് വരുംസീസണുകളിലും വിപണിയിൽ ‘ഗോൾമഴ” പെയ്യിക്കുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.

മുന്നിൽ അർജന്റീന

വില്പനയിൽ മുന്നിലെത്തിയത് മെസിയുടെയും അർജന്റീനയുടെയും ജേഴ്സികളാണ്. അർജന്റീനയുടെ ഹോം, എവേ ജേഴ്സികൾക്കായിരുന്നു ആവശ്യക്കാർ ഏറെ. ടീം ഫൈനലിൽ എത്തിയതോടെ വില്പന ഇരട്ടിയായി. പിന്നെ വിറ്റഴിഞ്ഞത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്സിയാണ്. ബ്രസീലിന്റെ ജഴ്സികൾക്ക് ഡിമാൻഡ് കുറഞ്ഞു. ഫൈനൽ ദിനത്തിൽ സ്പെയിനിന്റെ ജേഴ്സിക്കും ഡിമാൻഡ് കൂടി !
RELATED TOPICS: WORLD CUP, WORLD CUP 2026, FIFA WORLD CUP 2026, KERALA FOOTBALL FANS


News ⏭️

Back to top button