SPORTS
അവസാനിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു, ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു

മുംബൈ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം ‘വലിയ റിസ്ക്’ ആയിരുന്നെന്ന് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണവും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ ചെറിയ സ്കോറുകളിൽ പുറത്തായിട്ടും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റ് തന്നിൽ എങ്ങനെ വിശ്വാസമർപ്പിച്ചെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ. 2025 ഐപിഎൽ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതായും സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്ക് വിക്കറ്റുമായി പൊരുത്തപ്പെട്ട് ‘പൂജ്യത്തിൽ നിന്ന് ആരംഭിക്കാൻ’ താൻ ആഗ്രഹിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ‘‘രാജസ്ഥാൻ റോയൽസ് വിടുന്നത് വലിയൊരു റിസ്ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാൽ, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മൾ പോകാൻ ആഗ്രഹിക്കാത്ത ഒരു ടീമിൽ അല്ലെങ്കിൽ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തിൽ വരെ നിങ്ങൾ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആർആർ-നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ കുടുംബവുമായും ഭാര്യയുമായും ദീർഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവർ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടുമൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചർച്ച ചെയ്തു, ഒടുവിൽ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.ട്വന്റി20 ക്രിക്കറ്റിൽ പരാജയം സാധാരണമാണെന്നും വിജയത്തേക്കാൾ കൂടുതൽ തവണ ഒരാൾ പരാജയപ്പെടുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി. ‘‘നമ്മൾ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പരാജയം കളിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ടായിരിക്കണം. ഞാൻ സിഎസ്കെയിൽ ചേർന്നപ്പോൾ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടു. ഞങ്ങൾ ആ മൂന്നു മത്സരങ്ങളും തോറ്റു, എനിക്ക് റൺസ് എടുക്കാനും കഴിഞ്ഞില്ല. ഞാൻ ലോകകപ്പ് ഫൈനൽ കളിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ ഫോം ഐപിഎലിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തിൽ, നിങ്ങൾ എത്ര പരിചയസമ്പന്നനാണെങ്കിലും കോച്ചും ക്യാപ്റ്റനും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം, കൂടാതെ മഹി ഭായ് നമ്മളെ നിരീക്ഷിക്കുന്നുമുണ്ട്.’’– സഞ്ജു ചിരിയോടെ പറഞ്ഞു.
Auto ⏭️


