SPORTS

ഹസ്തദാനം ഒഴിവാക്കി ശ്രീശാന്ത്, എങ്ങോട്ടോ നോക്കിനിന്ന് സഞ്ജു; ഇവർക്കിത് എന്തുപറ്റി? വൈറല്‍ വിഡിയോയിൽ ചർച്ച


തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിനൊടുവിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തും ഒരുമിച്ചെത്തിയിരുന്നു. വിജയികൾക്കു പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനാണ് കെസിഎ പ്രതിനിധികൾക്കൊപ്പം സഞ്ജുവും വേദിയിലെത്തിയത്. എന്നാൽ വേദിയിൽവച്ച് സഞ്ജുവിന് ഹസ്തദാനം നൽകാൻ ശ്രീശാന്ത് തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. വേദിയിലേക്കു കയറിയ ശ്രീശാന്ത്, സഞ്ജു ഒഴികെയുള്ള എല്ലാവരുമായും ഹസ്തദാനം നടത്തുന്നുണ്ട്. എന്നാൽ സഞ്ജുവിനെ മാത്രം ഒഴിവാക്കുകയായിരുന്നു.ദേശീയ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോഴെല്ലാം താരത്തിന് ശക്തമായ പിന്തുണ നൽ‍കി ഒപ്പം നിന്നയാൾ കൂടിയാണ് ശ്രീശാന്ത്. അങ്ങനെയുള്ള രണ്ടു പേർ തമ്മിൽ ഇപ്പോൾ എന്താണു പ്രശ്നമെന്നാണ് ആരാധകരുടെ സംശയം. കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ തഴയുന്നു എന്ന പരാതി ഉന്നയിച്ചതിന്റെ പേരിൽ, ശ്രീശാന്തിനെ കെസിഎ സസ്പെൻഡ് ചെയ്തിരുന്നു. വിലക്കു മാറിയ ശേഷമാണ് ശ്രീശാന്ത് കൊല്ലം സെ‍യ്‍ലേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്. സംഭവത്തിൽ ശ്രീശാന്തും സഞ്ജുവും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Auto ⏭️

Back to top button