BUSINESS

സിഎസ്ആർ ഫണ്ട്: കേരളത്തിന്റെ ക്ഷേമത്തിന് കമ്പനികൾ ചെലവാക്കിയത് 617 കോടി, മുൻനിരയിൽ എറണാകുളം, തൃശൂർ, കണ്ണൂർ


സാമൂഹിക ക്ഷേമത്തിന് ഇന്ത്യൻ കമ്പനികൾ ചെലവിട്ട തുകയിൽ വൻ വർധന.  2024-25 സാമ്പത്തിക വർഷത്തിൽ 40,794 കോടി രൂപയാണ് സിഎസ്ആർ ഇനത്തിൽ ചെലവഴിച്ചത്. മുൻവർഷത്തേക്കാൾ 17% വർധന. 617 കോടി രൂപ കേരളത്തിലും ചെലവിട്ടു. മുൻ വർഷത്തേക്കാൾ 59% വർധന. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് കമ്പനികൾ കൂടുതൽ പിന്തുണ നൽകുന്നതിന്റെ സൂചനയാണിതെന്ന് സിഎസ്ആർ മേഖലയിലെ കൺസൾട്ടിങ് സ്ഥാപനമായ ഫൽക്രം പുറത്തിറക്കിയ ‘ഭാരത് സിഎസ്ആർ പെർഫോമൻസ് റിപ്പോർട്ട് 2026’ൽ പറയുന്നു. ഒരു ദശകത്തിനിടെ ഇന്ത്യൻ കമ്പനികൾ സിഎസ്ആർ ഇനത്തിൽ 2.61 ലക്ഷം കോടിയിലധികമാണ് ചെലവഴിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ധനസഹായം ലഭിച്ചത് എറണാകുളം, തൃശൂർ, തിരുവനന്തപുരം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്കാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കായിരുന്നു മുൻതൂക്കം. മുത്തൂറ്റ്  ഫിനാൻസ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, ഒഎൻജിസി , ഐആർഇഎൽ എന്നീ കമ്പനികളാണ് കേരളത്തിൽ ധനസഹായം നൽകുന്നതിൽ മുൻപന്തിയിൽ. ദേശീയ സിഎസ്ആർ ചെലവ് 17% വർധിച്ചപ്പോൾ ഗുജറാത്തിലും കേരളത്തിലും യഥാക്രമം 68%, 59% എന്നിങ്ങനെയായിരുന്നു വളർച്ചയെന്നും ഇത് വേറിട്ട ഉദാഹരണങ്ങളാണെന്നും ഫൽക്രം കോ-സിഇഒ പാർതേഷ് വ്യാസ് പറഞ്ഞു. നിലവിൽ 29,546 കമ്പനികളാണ് സിഎസ്ആർ പരിധിയിലുള്ളത്. പുതുതായി 1,012 കമ്പനികൾ കൂടി ചേർന്നു. ശരാശരി 56.47 ലക്ഷം രൂപ ചെലവുള്ള 72,233 സിഎസ്ആർ പദ്ധതികളാണ് ഇവർ രാജ്യത്ത് നടപ്പിലാക്കിയത്. ആകെ പദ്ധതികളിൽ 7123 കോടി രൂപയും (17%) മുൻനിര 10 കമ്പനികളുടേതാണ്. 1,309 കോടി രൂപയുമായി റിലയൻസ് ഇൻഡസ്ട്രീസാണ് മുന്നിൽ. 1,039 കോടി രൂപ ചെലവഴിച്ച എച്ച്ഡിഎഫ്സി ബാങ്കും 949 കോടി രൂപ വിനിയോഗിച്ച ടിസിഎസും തൊട്ടുപിന്നിലുണ്ട്. രാജ്യത്ത് ആകെ വിനിയോഗിച്ച സിഎസ്ആർ ഫണ്ടിൽ 54 ശതമാനവും ലഭിച്ചിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾക്കാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. 8631 കോടി രൂപ (21%) ഗുജറാത്ത്, കർണാടക, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. ലക്ഷദ്വീപ്, ദമൻആൻഡ് ദിയു, മിസോറാം, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ത്രിപുര തുടങ്ങിയ പ്രദേശങ്ങളിൽ ഏറ്റവും കുറവ് സിഎസ്ആർ ഫണ്ട് ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സിഎസ്ആർ ഫണ്ട്കമ്പനികൾ വാർഷിക ലാഭത്തിന്റെ നിശ്ചിത ശതമാനം സാമൂഹിക ക്ഷേമത്തിന് വേണ്ടി മാറ്റിവക്കണമെന്നാണ് 2013ലെ കമ്പനീസ് ആക്ട് പറയുന്നത്. 500 കോടി രൂപയോ അതിനു മുകളിലോ മൂല്യമുള്ളതോ, 1000 കോടി രൂപയോ അതിനു മുകളിലോ വരുമാനമുള്ളതോ, അഞ്ച് കോടി രൂപയോ അതിനു മുകളിലോ ലാഭമുള്ളതോ ആയ കമ്പനികൾ ലാഭത്തിൽ നിന്ന് രണ്ട് ശതമാനം മാറ്റിവക്കണമെന്നാണ് ചട്ടം. 


Travel ⏭️

Back to top button