NEWS

മേൽപാത തകർന്ന മൈലക്കാട് 90 കോടി രൂപയോളം മുടക്കി തുണുകളിലുള്ള പാലം; ദേശീയപാത നിർമാണം പറഞ്ഞ സമയത്തൊന്നും തീരില്ല


കൊല്ലം∙ ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചെങ്കിലും ഈ സമയത്തിനുള്ളിൽ ജില്ലയിലെ രണ്ട് റീച്ചുകളുടെ നിർമാണം പൂർത്തിയാകാൻ സാധ്യത കുറവെന്ന് വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ നിർമാണം തടസ്സപ്പെടാനും സാധ്യതയുണ്ട്. ഏകദേശം 63 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടു റീച്ചുകളിലായി നിർമാണം പുരോഗമിക്കുന്നത്. കാവനാട്– പാരിപ്പള്ളി കടമ്പാട്ടുകോണം റീച്ചിൽ പ്രധാനമായി പൂർത്തിയാകാനുള്ളത് കല്ലുതാഴം, കടവൂർ, മേവറം എന്നീ പാലങ്ങളുടെ നിർമാണമാണ്. കൊറ്റംകുളങ്ങര–കാവനാട് റീച്ചിലാണ് നിർമാണം ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്. ബൈപാസിൽ കല്ലുംതാഴത്ത് കിഴക്കു ഭാഗം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ആ ഉറപ്പു പൂർത്തിയായില്ല. ഇന്നലെ പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ നൽകിയ ഉറപ്പ്. ഇനിയും പത്തു ദിവസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. നീണ്ടകര പാലം കരയിലും വെള്ളത്തിലും തൊടാത്ത അവസ്ഥയിലാണ്. ഇരുഭാഗങ്ങളിലെയും പാലങ്ങളുടെ പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. മേവറം, കടവൂർ എന്നിവിടങ്ങളിൽ തൂണുകളിലെ പാലം നിർമാണത്തിനുള്ള ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും. ഇത്തിക്കര വളവ് മുതൽ ഇത്തിക്കര പള്ളി വരെ നിർമാണം അവശേഷിക്കുന്നുണ്ട്. ഇത്തിക്കര പാലം നിർമാണം പൂർത്തിയായെങ്കിലും ടാറിങ്ങും കിഴക്ക് ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണം ഉൾപ്പെടെ നടന്നില്ല. വലിയ പ്രക്ഷോഭത്തിനൊടുവിൽ അനുവദിച്ച ഇത്തിക്കരയിലെ അടിപ്പാത നിർമാണം പൂർത്തിയായില്ല. കരുനാഗപ്പള്ളി ടൗണിലെ മേൽപാലത്തിന്റെ കിഴക്കു ഭാഗത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡുകളിൽ മണ്ണിട്ട് ഉയർത്തുന്ന ജോലികൾ തുടങ്ങിയിട്ടില്ല. ചവറ മേഖലയിലും ഓടകളുടെ നിർമാണം പുരോഗമിക്കുന്നതേയുള്ളൂ.


Fashion ⏭️

Back to top button