പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിന് 40 വർഷം കഠിനതടവ്

പ്രതി ടിപി ഇല്യാസ്
കൊച്ചി: ലക്ഷദ്വീപിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാല്പ്തുവർഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. കവരത്തി ദ്വീപ് സ്വദേശിയായ ടിപി ഇല്യാസിനാണ് കോടതി കഠിനതടവും 1.20 ലക്ഷംരൂപ പിഴയും വിധിച്ചത്. കുട്ടിയുടെ പഠനത്തിനും പുനരധിവാസത്തിനുമായി രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാൻ കവരത്തി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ കുട്ടിയെ പ്രതി വീടിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഡിസംബറിലും സാധനങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും പഠനത്തിലുള്ള അശ്രദ്ധയും ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ കൗൺസലിംഗിന് വിധേയനാക്കി. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കവരത്തി പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയും പൊലീസ് ഇല്യാസിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.


