LIFESTYLE

പുതിയ വീട് സ്വന്തമാക്കി ശ്രുതി ഹാസൻ; ചർച്ചയായി കമലിന്റെ അസാന്നിധ്യം


തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ ചെന്നൈയിൽ പുതിയ വീട് സ്വന്തമാക്കി. വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഏറെ ശ്രദ്ധ നേടുന്നുണ്ട്. കരിയറിലെ തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലും മുംബൈയിലുമായി യാത്ര ചെയ്യേണ്ടി വരുന്നതിനാൽ കൂടുതൽ സൗകര്യം എന്ന നിലയിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങായാണ് ഗൃഹപ്രവേശനം നടന്നത്.അങ്ങേയറ്റം ലളിതമായ രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഇളംനിറത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് വീടിന്റെ ഇന്റീരിയർ പെയിന്റ് ചെയ്തിരിക്കുന്നത്. ഓപ്പൺ കിച്ചൺ ഉൾപ്പെടുത്തിയിരിക്കുന്ന വീട്ടിൽ വായും വെളിച്ചവും പരമാവധി ലഭിക്കുന്നതിന് വേണ്ടി ധാരാളം ജനാലകളും നൽകിയിരിക്കുന്നു. പുതിയ വീടിന്റെ വിശേഷങ്ങൾ പുറത്തുവന്നതോടെ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ടാണ് ആരാധകർ കമന്റ് ബോക്സുകളിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. അതേസമയം കമൽഹാസനും അക്ഷര ഹാസനും ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.ശ്രുതി ഹാസന്റെ മുംബൈയിലെ വീട് ഇതിന് മുൻപ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫറാ ഖാനും ഒത്തുള്ള ഒരു അഭിമുഖത്തിൽ മനോഹരമായ വീടിന്റെ അകത്തളവും ശ്രുതി ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചു. ഗോഥിക് ശൈലിയിൽ നിർമിച്ചിരിക്കുന്ന മുംബൈ വസതി താരത്തിന്റെ സംഗീതത്തോടുള്ള പാഷന്റെ മികച്ച ഉദാഹരണമാണ്. ഓപ്പൺ മാതൃകയിലുള്ള സ്വീകരണ മുറി മ്യൂസിക് റൂം, സിറ്റിങ് ഏരിയ, ഡൈനിന് ഏരിയ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉയർന്ന സീലിങ്ങും വലിയ ജനാലകളും ഈ ഇടത്തിന് ഒരു പ്രത്യേക വൈബും നൽകുന്നുണ്ട്. പ്രസന്നമായ അന്തരീക്ഷം നൽകാൻ ഇൻഡോർ പ്ലാന്റുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏറെ കൗതുകത്തോടെ വാങ്ങിയ വസ്തുക്കൾ സൂക്ഷിക്കാനുള്ള പ്രത്യേക സ്ഥലവും ശ്രുതിയുടെ മുംബൈയിലെ വീട്ടിലുണ്ട്. കമൽഹാസൻ സമ്മാനിച്ച പ്രത്യേകതരം കത്തി, പുസ്തകങ്ങൾ, പോസ്റ്ററുകൾ, ഡിസ്കോ ബോളുകൾ,ആനിമേ ഫിഗറിനുകൾ എന്നിവയെല്ലാം അലങ്കാരങ്ങളിൽ ഉൾപ്പെടുന്നു. മ്യൂസിക് ഏരിയയിൽ ധാരാളം വാദ്യോപകരണങ്ങളും കാണാം. ചെന്നൈയിലെ വസതിയും ഇത്തരത്തിൽ ലളിതവും അതേസമയം പ്രൗഢവുമായിരിക്കുമോ എന്നറിയാൻ കൂടുതൽ ചിത്രങ്ങൾ പുറത്തുവരാൻ കാത്തിരിക്കുകയാണ് ആരാധകർ.


Cinema ⏭️

Back to top button