BUSINESS
സബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; 1190 കോടിയുടെ തട്ടിപ്പ്, മൈലേജ് പറഞ്ഞ് ‘വെട്ടിലായി’ ഗഡ്കരി

ന്യൂഡൽഹി ∙ എഥനോൾ ഉൽപാദനത്തിനായി സർക്കാർ സബ്സിഡി നിരക്കിൽ നൽകിയ അരി സ്വകാര്യ മില്ലുകൾക്കു മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ 44.12 ലക്ഷം രൂപ പിഴ ചുമത്തുകയും വിലക്കുപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എഫ്സിഐ അറിയിച്ചു. മധ്യപ്രദേശിലെ 17 ജില്ലകളിലായുള്ള 22 എഥനോൾ പ്ലാന്റുകൾക്ക് ഉൽപാദനം വർധിപ്പിക്കുന്നതിനായി ക്വിന്റലിന് 2,320 രൂപ നിരക്കിലാണു സർക്കാർ അരി നൽകിയത്. എന്നാൽ, പ്ലാന്റ് ഉടമകൾ ഈ അരി എഥനോൾ ആക്കുന്നതിന് പകരം 2,600 മുതൽ 3,000 രൂപ വരെ വിലയ്ക്ക് സ്വകാര്യ റൈസ് മില്ലുകൾക്കു മറിച്ചുവിറ്റു വൻ ലാഭമുണ്ടാക്കി.1190 കോടി രൂപയുടെ തട്ടിപ്പാണിതെന്നായിരുന്നു പുറത്തുവന്ന വിവരം. 5.6 ലക്ഷം രൂപയുടെ അരിയാണ് മില്ലുകളിൽനിന്നു കണ്ടെത്തിയത്. ഇത്രയും തുകയുടെ തട്ടിപ്പു മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് എഫ്സിഐയുടെ വാദം. സബ്സിഡി അരി ലഭിച്ച പ്ലാന്റുകളിൽ ഏതൊക്കെയാണ് യഥാർഥത്തിൽ എഥനോൾ ഉൽപാദിപ്പിച്ചതെന്നും ആരൊക്കെയാണ് മറിച്ചുവിറ്റതെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു.വാഹന മൈലേജ് കാറുടമകൾക്ക് അളക്കാനാവില്ല: മന്ത്രി ഗഡ്കരിന്യൂഡൽഹി ∙ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുന്നുവെന്ന ആരോപണങ്ങൾ അശാസ്ത്രീയമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാറുടമകൾക്കു വാഹനത്തിന്റെ ഇന്ധനക്ഷമത (മൈലേജ്) കൃത്യമായി അളക്കാൻ കഴിയില്ലെന്നും ഇതിനായി അംഗീകൃത ഡീലർമാർ നടത്തുന്ന പരിശോധനകളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇ20 പെട്രോളിലേക്കു മാറിയതിനു ശേഷം കാറിന്റെ മൈലേജ് കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയ്ക്കു മറുപടി നൽകുകയായിരുന്നു ഗഡ്കരി. 2023 ൽ വാങ്ങിയ വാഹനത്തിന്റെ മൈലേജ് 11 കിലോമീറ്ററിൽനിന്ന് അടുത്തിടെ 7 കിലോമീറ്ററായി കുറഞ്ഞുവെന്ന് അവർ പറഞ്ഞപ്പോൾ, ഈ കണക്ക് എങ്ങനെയാണു കണ്ടെത്തിയതെന്നു ഗഡ്കരി ചോദിച്ചു. ഡാഷ്ബോർഡിലെ ഡിസ്പ്ലേയിൽ കണ്ടതാണെന്ന് അവർ മറുപടി നൽകി. എന്നാൽ ‘നിങ്ങൾക്കും എനിക്കും വണ്ടിയുടെ മൈലേജ് പരിശോധിക്കാൻ കഴിയില്ല. കമ്പനിയുടെ അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ കാറിന്റെ മൈലേജ് കൃത്യമായി പരിശോധിക്കാൻ കഴിയൂ’ എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Travel ⏭️


