NEWS
കോട്ടയം മാറുന്നത് ഇങ്ങനെ: ആറിന്റെ തീരത്ത് ആംഫി തിയറ്റർ, സ്ട്രീറ്റ് ഫുഡ് ഹബ്; വിരിയുമോ, കോടിമത വിസ്മയം

കോട്ടയം ∙ കോടിമതയിൽ ആറിന്റെ തീരത്ത് ആംഫി തിയറ്റർ. മഴയത്ത് കുടക്കീഴിൽ തണുപ്പ് ആസ്വദിച്ച് കാണാൻ ദൃശ്യവിരുന്നുകൾ. ഒന്നു നടക്കണമെന്നു തോന്നിയാൽ, കോടിമത ആറിന്റെ തീരം മുതൽ ഈരയിൽക്കടവ് വരെ ഏകദേശം ഒരു കിലോമീറ്റർ ജലാഭിമുഖ നടപ്പാതയിലൂടെ ഉലാത്താം. പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുമായി കോടിമത… വിസ്മയമാറ്റം വരുമോ? ‘സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിക്കു ചിറക് മുളയ്ക്കുമോ? നഗരസഭയുടെ ഇന്നത്തെ 3 മണിക്കുള്ള കൗൺസിൽ യോഗത്തിൽ അതാണ് ചർച്ച.സ്വപ്ന പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു. അംഗീകാരത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണെന്നും നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ. കേന്ദ്ര സർക്കാരിന്റെ പിഎം സ്വാനിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശ പ്രകാരം കഴിഞ്ഞ മാസമാണ് നഗരസഭ അപേക്ഷ സമർപ്പിച്ചത്. നഗരസഭയ്ക്ക് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം ആണ് രൂപരേഖ തയാറാക്കിയത്. ഇത് മുൻപ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അനുമതി വാങ്ങിയിരുന്നു. ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ്, ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ കൗൺസിൽ യോഗത്തിൽ പദ്ധതി വിശദീകരിച്ചു.
Fashion ⏭️


