NEWS
മൃതദേഹവുമായി വീടിന്റെ മേൽക്കൂരയിൽ കുടുംബം കാത്തിരുന്നത് 12 മണിക്കൂർ

വസായ് ∙ അശാസ്ത്രീയമായും ചട്ടങ്ങൾ പാലിക്കാതെയുമുള്ള നിർമാണം വസായ്– വിരാർ മേഖലയിൽ പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നു. കഴിഞ്ഞദിവസങ്ങളിലെ പെരുമഴയിൽ മേഖലയിലെ ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി. ഇത്തവണയുണ്ടായതു പോലുള്ള മഴയും വെള്ളക്കെട്ടും ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലെന്നും മനുഷ്യനിർമിതദുരന്തമാണു മേഖല നേരിടുന്നതെന്നും മലയാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കിയിട്ടും പ്രദേശത്ത് ആസൂത്രിതമല്ലാത്ത വികസനപ്രവർത്തനങ്ങൾ തുടരുകയാണ്. ആദ്യം മൂന്നും നാലും നിലകൾക്ക് മാത്രം അനുമതി നേടി പണിയുന്ന കെട്ടിടങ്ങൾ പിന്നീട് അനധികൃതമായും അശാസ്ത്രീയമായും നടത്തുന്ന പുനർനിർമാണത്തിലൂടെ അംബരചുംബികളാക്കി മാറ്റുന്നതു പതിവാണ്. പത്തും ഇരുപതും നിലകളുള്ള ടവറുകൾ കെട്ടിപ്പടുക്കുന്നവർ ഉൾപ്പെടെ നിർമാണാവശിഷ്ടങ്ങൾ ഓടകളിലേക്കും മറ്റും തള്ളാറുണ്ട്. അതു മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനു തടസ്സമാകുന്നതും വെള്ളപ്പൊക്കത്തിന് ഒരു കാരണമാണ്. ബുദ്ധിമുട്ടിലൂടെ മടങ്ങിവരവ്… ഇടതടവില്ലാതെ പെയ്ത മഴയിലും വെള്ളക്കെട്ടിലും 7 ദിവസത്തോളം സ്തംഭിച്ച വസായ്, വിരാർ മേഖല സാധാരണ നിലയിലേക്കു തിരിച്ചെത്തിത്തുടങ്ങി. 1,400 മില്ലിമീറ്ററിലേറെ മഴയാണ് 7 ദിവസങ്ങളിലായി മേഖലയിൽ പെയ്തത്. റോഡുകളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിഞ്ഞതു തന്നെ ആശ്വാസമാണ്. കഴിഞ്ഞദിവസം മിക്കയിടത്തും വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, വീടിനുള്ളിൽ അടക്കം അരയ്ക്കൊപ്പം വെള്ളംകയറി വിലപിടിച്ചതെല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതം അവസാനിച്ചിട്ടില്ല. വീടുകളിൽ കെട്ടിക്കിടക്കുന്ന ചെളിയും അവശിഷ്ടങ്ങളും ശുചിയാക്കാൻ കഷ്ടപ്പെടുകയാണു ജനങ്ങൾ. ഹൗസിങ് സൊസൈറ്റികളുടെ താഴത്തെ നിലകളിലെ കടകളിലും ഓഫിസുകളിലും വെള്ളം കയറിയതിനെത്തുടർന്നു വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
Fashion ⏭️


