NEWS
‘എംപിമാർ കേരളത്തിന്റെ അംബാസഡർമാരാകണം, കേരളത്തിന്റെ പൊതുവായ താൽപര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കണം’

തിരുവനന്തപുരം ∙ ഡൽഹിയിൽ കേരളത്തിന്റെ യഥാർഥ അംബാസഡർമാരായി എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യാൻ വിളിച്ച എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചത്. പാർലമെന്റ് സമ്മേളനത്തിനു മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താൽപര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ ഗവൺമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link


