NEWS

ട്രെയിൻ ഗതാഗതം താറുമാറായി; കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിക്കാൻ രാത്രി വൈകിയും പ്രവർത്തനം


കോഴിക്കോട് ∙ കനത്തമഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണതിനു പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നൂറു വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ആണ് രാവിലെ 11.10 ന് തകർന്ന് പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്. സമീപത്ത് യാത്രക്കാർ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. രാത്രിയോടെ കെട്ടിടത്തിന്റെ ബാക്കി ഭാഗം കൂടി പൊളിച്ചു നീക്കി ഗതാഗതം രാവിലെ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.ബുധനാഴ്ച രാത്രി രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനിനു മുകളിലേക്കാണ് രാവിലെ ക്ലോക്ക് ടവർ തകർന്ന് കെട്ടിട അവശിഷ്ടങ്ങൾ പതിച്ചത്. ആർപിഎഫ് ഓഫിസ് ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. വിള്ളലിനെ തുടർന്ന് ഈ കെട്ടിടത്തിന്റെ ഭാഗം പൊളിക്കാനും വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായുള്ള ബാരിക്കേഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ഫയർ ആൻഡ് റസ്ക്യൂ സർവീസ്, ആർപിഎഫ്, പൊലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തുടർനടപടികൾ ഏകോപിപ്പിച്ചത്.ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് സമീപ സ്റ്റേഷനായ കല്ലായിയിൽ നിന്നാണ് സർവീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസും കല്ലായി വരെ സർവീസ് ക്രമീകരിച്ചു. ഉച്ചയ്ക്ക് 2.05 പുറപ്പെടേണ്ട കണ്ണൂർ എക്സ്പ്രസ് തൊട്ടടുത്ത സ്റ്റേഷനായ വെളളയിൽ നിന്നാണ് സർവീസ് നടത്തിയത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസ് തൊട്ടടുത്ത സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തിയത്. കോഴിക്കോട് കൂടി കടന്നുപോകുന്ന ഏറനാട്, നേത്രാവതി എക്സ്പ്രസുകളും വൈകിയാണ് സ്റ്റേഷൻ വിട്ടത്. ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിൻ സർവീസ് റദ്ദാക്കി. കോഴിക്കോട്, വെള്ളയിൽ, വെസ്റ്റ്ഹിൽ, കല്ലായി സ്റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരുന്നതിനും നഗരത്തിലെത്തുന്നതിനും പ്രത്യേക കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി.


Source link

Back to top button