NEWS
ബദരീനാഥ് സംഭാവനക്കൊള്ള: ക്ഷേത്ര സമിതി ചെയർമാന്റെ പിഎയ്ക്കെതിരെ കേസ്

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ നിർണായക നടപടി. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി ചെയർമാന്റെ പഴ്സനൽ അസിസ്റ്റന്റ് പ്രമോദ് നൗട്ടിയാലിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്. ക്ഷേത്ര സമിതി ഓഫിസർ യുധ്വീർ പുഷ്പവാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബദരീനാഥ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കായി ഇയാൾ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതിയിലുള്ളത്. സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ജൂലൈ 2നാണ് ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നുള്ള പണം എണ്ണിയതിൽ ക്രമക്കേട് നടന്നതായുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ അനധികൃതമായി ക്ഷേത്ര ഫണ്ട് കൈക്കലാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്, അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ജൂലൈ 7ന് ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Source link


