NEWS
സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ പുതിയ അഭിഭാഷക സംഘം; സീനിയർ സ്റ്റാൻഡിങ് കൗൺസലായി രമേശ് ബാബു

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ പുതിയ അഭിഭാഷക സംഘം ആരെന്നതിന് ഉത്തരമായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്റ്റാൻഡിങ് കൗൺസലായിരുന്ന രമേശ് ബാബുവാണ് സംഘത്തിലെ പ്രധാനി. സീനിയർ സ്റ്റാൻഡിങ് കൗൺസിൽ ആയാണ് രമേശ് ബാബുവിന്റെ നിയമനം. ഇത് ആദ്യമായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സീനിയർ സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കുന്നത്. പെരുമ്പാവൂർ വൈക്കര സ്വദേശിയാണ്. 35 വർഷമായി സുപ്രീം കോടതിയിൽ എഒആറാണ്.ദീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകരായ ആൽജോ കെ. ജോസഫ്, സുൽഫിക്കർ അലി, ജെയിംസ് പി.തോമസ്, മർസൂഖ് തങ്ങൾ ഇവരാണ് മറ്റ് സ്റ്റാൻഡിങ് കൗൺസൽമാർ. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആൽജോ കോൺഗ്രസിന്റെ നിയമ വിഭാഗത്തിലും പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ ട്രഷററാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സുൽഫിക്കർ 20 വർഷമായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്നു. മൂവാറ്റുപുഴ പെരിങ്ങാറപള്ളിയിലെ ജെയിംസ് 30 വർഷമായി അഭിഭാഷകനാണ്. കഴിഞ്ഞ 18 വർഷമായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന മർസൂഖ്, കെഎംസിസി ഡൽഹി വൈസ് പ്രസിഡന്റും യൂത്ത് ലീഗിന്റെ ദേശീയ നിർവാഹക സമിതിയംഗവുമാണ്.
Source link


