NEWS

എഥനോളിൽ ‘തീ’ പിടിച്ച് വിമർശനം; നടപ്പാക്കിയാൽ നേട്ടം ഗഡ്കരിക്കും കുടുംബത്തിനും? ഇ25 നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്മാറും?


പ്രതിഷേധം കനത്തതോടെ പെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കാനുള്ള തീരുമാനത്തിൽ മെല്ലെപ്പോകാൻ കേന്ദ്രം. ഇ21,ഇ25 എന്നിവ ഉടനടി നടപ്പിലാക്കുന്നതിനു പകരം ഘട്ടംഘട്ടമായി കൊണ്ടുവരാനാണ് നീക്കം. 21% എഥനോൾ കലർന്ന ഇ21 പെട്രോൾ 2027ലും 25% എഥനോൾ കലർന്ന ഇ25 2029ലുമാകും നടപ്പിലാക്കുന്നത്. അതിനിടെ എഥനോൾ ചേർത്ത പെട്രോളിനു പിന്നാലെ ഡീസലിലും ബയോഫ്യുവൽ കലർത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ശക്തമാകുകയാണ്. 20% എഥനോൾ കലർത്തിയ ഇ20 പെട്രോൾ സുരക്ഷിതമാണെന്നും അതേസമയം വാഹനങ്ങളുടെ മൈലേജ് അൽപം കുറയുമെന്നുമായിരുന്നു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം. എൻജിൻ തകരാറിലാക്കുമെന്നും പരിസ്ഥിതിക്കു ദോഷമാണെന്നും ഇന്ധനത്തിൽ അമിതമായി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വാദം പെട്രോളിയം മന്ത്രാലയം തള്ളിയിരുന്നു.എഥനോൾ വിഷയത്തിൽ ഏറ്റവുമധികം വിമർശനങ്ങൾ ഉയരുന്നതു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു നേരെയാണ്. അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തങ്ങളുടെ വാഹനങ്ങളുമായി സമരം ചെയ്യുമെന്നു കോൺഗ്രസ് അനുകൂലിയായ തെഹ്സീൻ പൂനാവാലയടക്കമുള്ളവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എഥനോൾ ഉൽപാദന കമ്പനികൾക്കു വേണ്ടി ഗഡ്കരി ശക്തമായി വാദിക്കുകയാണെന്നും അദ്ദേഹത്തിന്റെ 2 ആൺമക്കൾ എഥനോൾ ഉൽപാദന കമ്പനികളുടെ നേതൃത്വത്തിലുണ്ടെന്നുമുള്ള ആരോപണം കോൺഗ്രസ് ഏറെക്കാലമായി ഉയർത്തുന്നുണ്ട്.അതേസമയം, രാജ്യത്തെ എഥനോൾ നിർമാണത്തിന്റെ 0.50% മാത്രമാണ് തന്റെ മക്കളുടെ കമ്പനിയുടേതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് ഗഡ്കരിയുടെ വാദം.


Source link

Back to top button