NEWS
‘ഇന്ത്യയുടെ സഹായം വേണം’; ആവശ്യവുമായി പാക്ക് അധീന കശ്മീർ നേതാവ്: പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് നേതാക്കൾ. പാക്ക് ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങൾ മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുകയും ഡസൻ കണക്കിനുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തിയത്. മേഖലയിൽ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയിരിക്കുകയാണെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവും ഇന്ത്യയോട് അടുത്ത ബന്ധം പുലർത്തുന്നയാളുമായ സർദാർ അമാൻ ഖാൻ പറഞ്ഞു. പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ ഖാന്റെ ആവശ്യം.‘ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമുണ്ട്. ഇവിടെ റേഷൻ ക്ഷാമം നേരിടുകയാണ്.’–പാക്ക് അധീന കശ്മീരിൽ പ്രക്ഷോഭം നടത്തുന്ന ജനക്കൂട്ടത്തെ റവാലകോട്ട് ഈദ്ഗാഹ് ഗ്രൗണ്ടിൽ അഭിസംബോധന ചെയ്ത് സർദാർ അമാൻ ഖാൻ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മേഖലയിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പ്രക്ഷോഭകർക്കെതിരെ ആക്രമണം ശക്തമാക്കിയെന്നും അദ്ദേഹം പറയുന്നു. പ്രക്ഷോഭം കനത്താൽ നിയന്ത്രണരേഖയിലേക്ക് പോകുമോയെന്ന് അമാൻ ഖാൻ ജനങ്ങളോടു ചോദിക്കുമ്പോൾ ‘അങ്ങോട്ടേക്ക് പോകാം’ എന്നാണ് ജനക്കൂട്ടം മറുപടി പറയുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അധികൃതർ വെടിയുണ്ട കൊണ്ടാണ് മറുപടി നൽകുന്നതെങ്കിൽ ഞങ്ങൾക്കും മറ്റു വഴികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
Source link


