NEWS
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 2647 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റ്, ഓരോ വർഷവും കൂട്ടുമെന്നും സർക്കാർ

ന്യൂഡൽഹി ∙ 16–ാം ധനകാര്യ കമ്മിഷൻ പ്രകാരം, കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് അടുത്ത 5 വർഷം 2647 കോടി രൂപ ബേസിക് ഗ്രാന്റായി ലഭിക്കും. 2026–27ൽ 425 കോടി, 2027–28ൽ 472 കോടി, 2028–29ൽ 524 കോടി, 2029–30ൽ 581 കോടി, 2030–31ൽ 645 കോടി എന്നിങ്ങനെ ക്രമാനുഗത വർധന ഓരോ വർഷങ്ങളിലുമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാന തദ്ദേശ മന്ത്രിമാർക്കു വേണ്ടി പഞ്ചായത്തിരാജ് മന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചത്. തദ്ദേശ മന്ത്രി കെ.എം. ഷാജി കേരളത്തെ പ്രതിനിധീകരിച്ചു.മുൻ ധനകമ്മിഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഗ്രാന്റിൽ വലിയ വർധനയുണ്ട്. 15–ാം ധനകമ്മിഷൻ 2.37 ലക്ഷം കോടി രൂപയാണ് ഗ്രാമീണ തലത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കായി നീക്കിവച്ചത്. 16–ാം കമ്മിഷൻ റിപ്പോർട്ട് പ്രകാരം, 4.35 ലക്ഷം കോടി രൂപയാണ് അനുവദിക്കുക. വിഹിതത്തിൽ 84% വർധനയാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും (4.35 ലക്ഷം കോടി), മുനിസിപ്പൽ സ്ഥാപനങ്ങൾക്കുമായി (2.90 ലക്ഷം കോടി) ആകെ 7.91 ലക്ഷം കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.
Source link


