NEWS

ഭർത്താവിന് 20 ഉറക്ക ഗുളിക നൽകി; കൊന്ന് ശുചിമുറിയിൽ കുഴിച്ചിട്ടു, കോൺക്രീറ്റ് നിറച്ചു; കേസ് തെളിഞ്ഞതിങ്ങനെ


ന്യൂഡൽഹി∙ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് ഭർത്താവിന് 15 മുതൽ 20 വരെ ഉറക്കഗുളികകൾ നൽകിയിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട സുരേന്ദ്ര ശർമയുടെ ഭാര്യ റൂബി ശർമ ഭർത്താവിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഗുളിക കഴിച്ചു സുരേന്ദ്ര മയക്കത്തിലായപ്പോൾ റൂബി കൊലപ്പെടുത്തുകയായിരുന്നു. 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. സുരേന്ദ്ര എവിടെയെങ്കിലും പോയിരിക്കാം എന്നാണ് ബന്ധുക്കളും നാട്ടുകാരും വിചാരിച്ചിരുന്നത്. ഭർത്താവ് എവിടെയെന്ന് ചോദിക്കുമ്പോഴെല്ലാം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് റൂബി പറഞ്ഞിരുന്നത്.മേയ് 26ന് റൂബിയും ഭർതൃസഹോദരനായ അനിലും സുരേന്ദ്രയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതോടെ അനിൽ റൂബിക്ക് നേരെ സംശയം പ്രകടിപ്പിച്ചു. എന്നാൽ, ഭർത്താവിനായുള്ള തിരച്ചിലിൽ പൊലീസിനെ സഹായിക്കുന്നതായി റൂബി അഭിനയിച്ചു. സുരേന്ദ്രയെ കാണാതായതുമായി ബന്ധപ്പെട്ട് റൂബി പറഞ്ഞ കാര്യങ്ങളിൽ പല വൈരുധ്യങ്ങളും സുരേന്ദ്രയുടെ കുടുംബം കണ്ടെത്തി. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ റൂബി കുറ്റം സമ്മതിച്ചു. സുരേന്ദ്ര മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. ഇതിനെത്തുടർന്ന് നിയമനടപടികളുണ്ടാകുമെന്ന് റൂബി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു.


Source link

Back to top button