NEWS

ലോകകപ്പിൽ കണ്ടത് ആഫ്രിക്കൻ ,ഏഷ്യൻ ടീമുകളുടെ മുന്നേറ്റം; ഭാവിയിൽ ഇന്ത്യക്കും മുന്നേറാം, ചെയ്യേണ്ടത് ഒറ്റക്കാര്യം

രഞ്ജിത്ത് ടി.എ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലനത്തിനിടെ

ലോകം ഫുട്ബാൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങിയതോടെ ആവേശം ഇരട്ടിയായി. കേരളത്തിലും റൊണാൾഡോയുടെയും മെസ്സിയുടെയും നെയ്‌മറിന്റെയും കട്ടൗട്ടുകളുമായി ആരാധകർ ഫുട്ബാൾ പൂരം ആഘോഷിക്കുകയാണ്. ഹെയ്തിയും കേപ് വെർദെയും പോലുള്ള ചെറിയ രാജ്യങ്ങൾ ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിക്കുമ്പോൾ ഇന്ത്യയെന്ന് ലോകകപ്പിൽ ബാൾ തട്ടും എന്ന വ‌ർഷങ്ങളായുള്ള ചോദ്യം വീണ്ടും ഉയരുകയാണ്.. ലോകകപ്പ് ഫുട്ബാളിലെ ടീമുകളുടെ കിരീട സാദ്ധ്യതകളെക്കുറിച്ചും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെ കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ ടീം സഹപരിശീലകനും കേരളത്തിന് 30 വർഷങ്ങൾക്ക് ശേഷം അണ്ടർ 20 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നേടിത്തന്ന കോച്ച് രഞ്ജിത്ത് ടി.എ. വെള്ളായണി കാർഷിക കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ് എറണാകുളം സ്വദേശിയായ രഞ്ജിത്ത്.

ലോകകപ്പിലെ ടീമുകളുടെ പ്രകടനവും പ്രതീക്ഷകളും. ഇഷ്ട ടീമും?

ലോകകപ്പിൽ അർജന്റീനയാണ് ഇഷ്ട ടീം. അതോടൊപ്പം ഫ്രാൻസും ഇഷ്ട ടീമുകളുടെ പട്ടികയിലുണ്ട്. ഫുട്ബാൾ പരിശീലകനെന്ന നിലയിൽ മറ്റുള്ള ടീമുകളുടെ പെർഫോമൻസും ശ്രദ്ധിക്കാറുണ്ട് . ഈ വർഷം ഏഷ്യൻ രാജ്യങ്ങളുടെ പ്രകടനം വളരെയധികം ഉയരത്തിലാണ്. ജപ്പാൻ മാത്രമേ നോക്കൗട്ടിൽ കടന്നൂവെങ്കിലും ഏഷ്യൻ രാജ്യങ്ങൾ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്വാളിറ്റി ഉള്ള ഫുട്ബാൾ ആണ് കളിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളോട് മത്സരിക്കുമ്പോൾ ഏഷ്യൻ രാജ്യങ്ങളുടെ ക്വാളിറ്റി മുൻ വർഷങ്ങളിൽ നിന്ന് ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രകടനമാണ് മറ്റൊന്ന്. പങ്കെടുത്ത 10 ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമ്പതും നോക്കൗട്ട് റൗണ്ടിൽ കടന്നു. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പറയുന്നുണ്ടല്ലോ ചെറിയ രാജ്യം,​ ആളുകൾ കുറച്ചുള്ള രാജ്യം ലോകകപ്പ് കളിക്കുന്നു എന്ന്. ആളുകൾ കൂടുതലോ കുറവോ എന്നതല്ല,​ ഫുട്ബാൾ വളരുന്നതിന് വേണ്ടി അവർ എന്തുചെയ്തു എന്നതാണ് പ്രധാനം. ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികാവസ്ഥ മോശമാണെങ്കിലും ആ ഗെയിമിനോട് അവർ,​ കാണിക്കുന്ന ഒരു നീതിയുണ്ട്. സ്നേഹമുണ്ട്. അതാണ് അവിടങ്ങളിൽ ഫുട്ബാൾ വളരുന്നതിന് കാരണം

ഇന്ത്യ എന്ന് ലോകകപ്പിൽ പന്ത് തട്ടും ?​

എല്ലാ തവണയും ഉയർന്നു കേൾക്കുന്നതാണ് ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും എന്ന ചോദ്യം. ഇന്ത്യയിൽ ഫുട്ബാളിന്റെ വളർച്ചയ്ക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ഡെവലപ്പ് ചെയ്യാനുണ്ട്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ എല്ലാ മേഖലയിലും ഇവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഫുട്ബാളിലുമുണ്ട്. അത് ക്രിക്കറ്റ് ഉൾപ്പെടെ മറ്റെല്ലാ സ്പോർട്സ് ഇനങ്ങളിലുമുണ്ട്. ഒരു സാധാരണ മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങളാണ് നേരിടേണ്ടി വരുന്നത് അത് തന്നെയാണ് ഫുട്ബാളിലും സംഭവിക്കുന്നത്. ടെക്നിക്കലായ കാര്യങ്ങൾക്കപ്പുറത്ത് ഫുട്ബാളിന്റെ വളർച്ചയ്ക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്ത് ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ തീർച്ചയായും ഇന്ത്യയും ഉയരങ്ങളിലെത്തും.

ഈ വർഷം അണ്ടർ 20 ആൺകുട്ടികളുടെ കേരള ടീമിന്റെ പരിശീലകനായിരുന്നല്ലോ. 10 വർഷത്തിന് ശേഷം കേരള ടീമിന്റെ കോച്ച് ആയപ്പോൾ എന്തായിരുന്നു മനസിൽ?

കേരളത്തിന്റെ കോച്ചാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.. അതിപ്പോൾ ചെറിയ കാറ്റഗറിയായാലും വലിയ കാറ്റഗറിയായാലും വളരെയധികം അഭിമാനമാണുള്ളത്. 2015ൽ അണ്ടർ 19 ടീമിന്റെ കോച്ചാകാൻ അവസരം കിട്ടിയിരുന്നു . അതിന് ശേഷം രണ്ട് കൊല്ലം മുമ്പ് അണ്ടർ 20 കേരള ടീമിന്റെ കോച്ചായി വിളിച്ചിരുന്നു. അന്ന് ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയുടെ അസിസ്റ്റന്റ് കോച്ചായി പോകേണ്ടിയിരുന്നത് കൊണ്ട് ഒഴിവായി. വർഷങ്ങൾക്ക് ശേഷം കിട്ടിയപ്പോൾ വളരെയധികം സന്തോഷം തന്നെയാണുള്ളത്.

അണ്ടർ 20 ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നേടി കേരള ടീമിനൊപ്പം രഞ്ജിത്ത് ടി.എ (ഇടത്തേയറ്റം)​

ടൂർണമെന്റിലേക്ക് പോകുന്നതിന് മുൻപ് എന്തായിരുന്നു പ്രതീക്ഷകൾ

ഏതൊരു കോച്ചിന്റെയും ആഗ്രഹം കപ്പ് നേടുക എന്നത് തന്നെയാണല്ലോ. തൃശൂരായിരുന്നു ക്യാമ്പ്. പ്രാക്ടീസ് മാച്ചുകൾ ഉൾപ്പെടെ ക്രമീകരിച്ച് വളരെ നല്ല രീതിയിൽ തയ്യാറെടുക്കാൻ കഴിഞ്ഞു. മോശമല്ലാത്ത ഒരു പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമെന്ന് തന്നെയായിരുന്നു വിശ്വാസം.

31 വർഷത്തിന് ശേഷം ആണ് കേരളം യൂത്ത് ഫുട്ബോൾ ജയിക്കുന്നത്. ടീമിനെ പറ്റി എന്താണ് അഭിപ്രായം.

അണ്ടർ 20 ആക്കിയിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. അണ്ടർ 21ൽ 1995ലാണ് കേരളം ഈ കാറ്റഗറിയിൽ അവസാനമായി ചാമ്പ്യൻമാരായാത്,​ തൃശൂരിൽ ക്യാമ്പ് തുടങ്ങുന്ന ദിവസം ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയൻ കുട്ടികളെ കാണാൻ ക്യാമ്പിൽ വന്നിരുന്നു. ടീമിന് നല്ല പ്രചോദനമായിരുന്നു അത്. മൂന്നാം ദിവസം എസ്.ബി.ടി താരം ലയണൽ തോമസ് വന്നിരുന്നു 1995ൽ ചാമ്പ്യൻഷിപ്പ് നേടിയ ടീമിൽ ലയണലും ഉണ്ടായിരുന്നു. 95ൽ ഞങ്ങൾ ചാമ്പ്യൻമാരായ ശേഷം കേരളം കിരീടം നേടിയിട്ടില്ല. നിങ്ങൾ അത് നേടണം എന്ന് ലയണൽ കുട്ടികളോട് നിർദ്ദേശിച്ചു. നമ്മൾ കിരീടം നേടിയാൽ അത് ചരിത്രമാകുമെന്ന് കോച്ചെന്ന നിലയിൽ ഞാനും ടീമിനോട് പറഞ്ഞു. കുട്ടികളും ആ സ്പിരിറ്റ് ഉൾക്കൊണ്ടു. സീനിയർ താരങ്ങളുടെ പരിചയസമ്പന്നതയും ഉത്തരവാദിത്വവും ഉൾക്കൊള്ളുന്ന പെർഫോമൻസ് ആയിരുന്നു ടീം കാഴ്ച വച്ചത്. അവരുടെ പരിശ്രമത്തിന്റെ ഫലം തന്നെയായിരുന്നു ഈ ജയം.

കേരളത്തിന്റെ ഫുട്ബോൾ ഭാവി?

യാതൊരു സംശയവും വേണ്ട. കേരളത്തിന് മികച്ച ഒരു ഫുട്ബാൾ ഭാവി തന്നെയുണ്ട്. ഒരുപാട് മികച്ച കളിക്കാർ കേരളത്തിലെ മുക്കിലും മൂലയിലും ഉണ്ട്.. അതിന് ഏറ്റവുമധികം ക്രെഡിറ്റ് നൽകേണ്ടത് കേരളത്തിൽ ഉയർന്നുവന്നിട്ടുള്ള നിരവധി ഫുട്ബാൾ അക്കാഡമികൾക്കും അവിടുത്തെ സംഘാടകർക്കും കോച്ചുമാർക്കുമാണ്. കൂടാതെ സ്കൂൾ തലം മുതൽ അവരെ കൈപിടിച്ചുയർത്തിയ കായികാദ്ധ്യാപകർ,​ മാതാപിതാക്കൾ,​ ഒപ്പം മുതിർന്ന കളിക്കാർക്കും. ഒരു പാട് നല്ല പ്ലേയേഴ്സ് നമുക്കുണ്ട്. അവരുടെ ക്വാളിറ്റിയിലും കഴിവിലും യാതൊരു സംശയവുമില്ല.

രഞ്ജിത്ത് ടി.എ

അവസാന മൂന്നു മത്സരങ്ങളിലും പിന്നിൽ നിന്ന ശേഷമാണ് കേരളം തിരിച്ചു വന്നത്. അതിനെ പറ്റി?

അവസാന മൂന്നെണ്ണത്തിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ പറ്റിയത് വളരെയധികം ഭാഗ്യം തന്നെയാണ്,​ ഭാഗ്യം എന്നതിലുപരി ടീം എടുത്ത ഇനിഷ്യേറ്റീവ് വളരെ വലുതാണ്. ഒരു തവണ ഇങ്ങനെ തിരിച്ചുവരാൻ കഴിയുന്നത് സാധാരണം. എന്നാൽ തുടർച്ചയായി അതിന് കഴിയുന്നത് എളുപ്പമല്ല. ഗ്രൗണ്ടിനകത്ത് പരസ്പരം ഗൈഡ് ചെയ്യുന്ന രീതിയിലും പരസ്പരം നിയന്ത്രിക്കുന്ന രീതിയിലും ആയിരുന്നു ടീമിന്റെ പ്രകടനം. അവർ തമ്മിലുള്ള ഒത്തിണക്കം തന്നെയാണ് തിരിച്ചുവരവിന് കാരണമായത്. കൂടാതെ അവരുടെ മനോധൈര്യം. അ‌ഞ്വ് വർഷത്തിന് ശേഷം കാണിക്കേണ്ട ഉത്തരവാദിത്വം അവർ ഇപ്പോഴെ കാണിക്കുന്നുണ്ട്. അത് തന്നെയാണ് തിരിച്ചുവരവിന് കാരണവും.

ഹൈദരാബാദ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്,ഗോകുലം തുടങ്ങിയ മുൻനിര ടീമിൽ പ്രവർത്തിച്ച അനുഭവം കേരള ടീമിന്റെ വിജയത്തിന് സഹായമായിട്ടുണ്ടോ.

ഈ ക്ലബുകളുടെ യൂത്ത് ടീമിൽ വർക്ക് ചെയ്തിരുന്നു. അങ്ങനെ പ്രവർത്തിക്കാൻ കഴിഞ്ഞത് വളരെയധികം ഹഗുണം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ അണ്ടർ 16 ടീമിന്റെയും സീനിയർ ഇന്ത്യൻ ടീമിലേക്കുള്ള താങ്കളുടെ എൻട്രി ഒരു കോച്ചെന്ന നിലയിൽ എങ്ങനെ കാണുന്നു?

ആദ്യമായിട്ട് നാഷണൽ ടീമിൽ പോകുന്നത് അണ്ടർ 16ൽ ആണ്. വളരെയധികം പ്രതീക്ഷയോടെയാണ് പോയത്. കൊവിഡ് വന്നതോടെ ആകെ താറുമാറായി. സാഫ് പോലുള്ള ഒരുപാട് മത്സരങ്ങൾ നഷ്ടപ്പെട്ടു,​ അത് കഴിഞ്ഞ് ഇന്ത്യൻ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആയിരുന്നുഅത്. മലയാളി എന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി ജഴ്സി ഇടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.

വെള്ളായണി കാർഷിക കോളേജിൽ നിന്ന് കിട്ടുന്ന പിന്തുണ?

കോളേജും യൂണിവേഴ്സിറ്റിയും അദ്ധ്യാപകരും നൽകുന്ന പിന്തുണ വളരെ വലുതാണ്,​ ഓരോ ടൂർണമെന്റും ജയിക്കുമ്പോൾ എല്ലാവരും അഭിനന്ദിക്കാറുണ്ട്

പുതിയ ദൗത്യം ?

അദ്ധ്യാപനം കൂടി ഉള്ളതിനാൽ കേരളത്തിനും ഇന്ത്യൻ ടീമിനും വേണ്ടിയുള്ള ചെറിയ ചെറിയ അസൈൻമെന്റേ ചെയ്യാൻ ആവൂ. ഭാവിയിൽ നല്ല ക്ലബുകളിൽ നിന്ന് ഓഫർ വരുന്നെങ്കിൽ ഏറ്റെടുക്കും.

കുടുംബത്തെ പറ്റി?

എറണാകുളത്ത് വല്ലാർപാടമാണ് സ്വദേശം. വല്ലാ‌ർപാടം പള്ളി സ്കൂൾ,​ സെന്റ് ആൽബർട്സ് കോളേജ്,​ മഹാരാജാസ് ​ എന്നിവിടങ്ങളിൽ പഠനം. ഫിസിക്കൽ എഡ്യുക്കേഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിിയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. എം ഫിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ,​ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. ഭാര്യ സന്ധ്യ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ മറൈൻ ബയോളജിിയിൽ റിസർച്ച് ചെയ്യുന്നു
RELATED TOPICS: FOOTBALL, WORLD CUP FOOTBALL, INDIAN FOOTBALL, KERALA UNDER 20 TEAM


Source link
NEWS

Read News

Read News✅

Back to top button