BUSINESS

അങ്ങനെയൊന്നും കുറയ്ക്കാൻ പറ്റില്ല; പെട്രോൾ, ഡീസൽ വില കുറയാൻ വൈകും, എണ്ണക്കമ്പനികൾക്ക് നഷ്ടം 2.1 ലക്ഷം കോടി


ന്യൂഡൽഹി ∙ പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കില്ലെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പശ്ചിമേഷ്യൻ സംഘർഷ നാളുകളിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇരട്ടിയോളം ഉയർന്നിട്ടും പെട്രോൾ വിലയിൽ 5 ശതമാനം വർധന മാത്രമാണ് ഇന്ത്യ വരുത്തിയത്. വികസിത രാജ്യങ്ങളും എണ്ണ ഉൽപാദക രാജ്യങ്ങളും 20 ശതമാനം മുതൽ 35 ശതമാനം വരെ വിലകൂട്ടിയപ്പോഴാണിത്. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ മാത്രം പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപ നഷ്ടമുണ്ടായി. കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും എൽപിജിയും ലഭ്യമാക്കിയതുവഴി ഇതുവരെയുണ്ടായ നഷ്ടം 2.1 ലക്ഷം കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ എണ്ണവില ഇപ്പോൾ ബാരലിന് 70 ഡോളറിനടുത്താണ്. സംഘർഷ നാളുകളിൽ 125 ഡോളറിനു മുകളിൽവരെയായിരുന്നു വില. ഇപ്പോൾ വാങ്ങുന്ന ക്രൂഡോയിൽ ശുദ്ധീകരിച്ച് വിപണിയിലെത്താൻ രണ്ടുമാസത്തിലേറെ സമയമെടുക്കും. കൂടിയ വിലയിൽ വാങ്ങിയ ക്രൂഡോയിലിൽ നിന്നുള്ള പെട്രോളും ഡീസലുമാണ് നിലവിൽ വിപണിയിലുള്ളത്.


Source link

Back to top button