NEWS
‘കുട്ടനാടിനെ അവഗണിച്ചെന്ന ചിന്തയുണ്ടാകുന്നത് സ്വാഭാവികം; അവധി കിട്ടാത്തതിൽ വിഷമം’; ചമ്പക്കുളം വള്ളംകളി ഇന്ന്

ആലപ്പുഴ∙ വള്ളംകളി സീസണ് തുടക്കംകുറിച്ചുകൊണ്ട് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി നടക്കും. വള്ളംകളിക്ക് പ്രാദേശിക അവധി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. വള്ളംകളിക്ക് അവധി ആവശ്യപ്പെട്ട് ഉന്നയിച്ച സബ്മിഷനു മറുപടി പറഞ്ഞതിനു പിന്നാലെ ‘ഒരു കാരണവശാലും അനുവദിക്കില്ല’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദവും ചർച്ചയുമായിരുന്നു. ‘വള്ളംകളിക്ക് പ്രാദേശിക അവധി വേണമെന്ന കാര്യം മുൻവർഷങ്ങളിലൊന്നും ആരും അന്നത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നില്ല. പുതിയ സർക്കാർ വന്നു. അക്കാര്യം ഞാൻ എന്റെ ആദ്യ സബ്മിഷനായി ഉന്നയിച്ചു. അതിന്റെ പ്രതികരണം ഇങ്ങനെയൊക്കെയായി. ഈ വർഷം അവധി കിട്ടിയില്ല. വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കിച്ചുകൊണ്ട് അടുത്ത വർഷം അവധി ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഞാൻ മുന്നിലുണ്ടായിരിക്കും. അവധി കിട്ടാത്തതിൽ ജനങ്ങൾക്ക് വിഷമമുണ്ട്. മുഖ്യമന്ത്രി ഏതു സാഹചര്യത്തിൽ പറഞ്ഞതായാലും ജനങ്ങൾ തിരിച്ചേ ചിന്തിക്കൂ. മുഖ്യമന്ത്രി മനഃപൂർവം കുട്ടനാടിനെ അവഗണിച്ചുവെന്ന ചിന്ത ജനങ്ങൾക്കുണ്ടാകുന്നത് സ്വാഭാവികമാണ്.’– റെജി ചെറിയാൻ പറഞ്ഞു.
Source link


