NEWS

രാമക്ഷേത്ര ഭണ്ഡാരം തട്ടിപ്പ്: മൂന്ന് മാസം മുൻപ് എസ്ബിഐ മുന്നറിയിപ്പ് നൽകി, ട്രസ്റ്റ് തടഞ്ഞു


അയോധ്യ∙ രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടികളിൽനിന്നു പണം തട്ടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പണം ചോരുന്നതായി സംശയം തോന്നിയതിനെ തുടർന്നു നാണയം എണ്ണുന്ന ജീവനക്കാരെ ഡ്യൂട്ടിയിൽനിന്നു മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മൂന്ന് മാസം മുൻപേ ശുപാർശ നൽകിയിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ഷേത്ര ട്രസ്റ്റിലെ ചില ഉദ്യോഗസ്ഥർ ഇടപെട്ടു നടപടി തടഞ്ഞതായാണു വിവരം. കേസുമായി ബന്ധപ്പെട്ട് ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്കും ഗോപാൽ റാവുവിനും ഉടൻ നോട്ടിസ് നൽകാനാണ് സാധ്യത. റായിയും അനിൽ മിശ്രയും ട്രസ്റ്റിൽനിന്ന് രാജിവച്ചിട്ടുണ്ട്. ഗോപാൽ റാവുവും ട്രസ്റ്റ് പ്രവർത്തനങ്ങളിൽനിന്നു മാറിനിൽക്കുമെന്നാണു സൂചന. ഇതിനകം നാണയം എണ്ണുന്ന ജോലിയിൽ ഉണ്ടായിരുന്ന എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.അറസ്റ്റിലായ എട്ടുപേരിൽ അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, രാമശങ്കർ മിശ്ര, അവനീഷ്, കരുണേഷ് ശുക്ല എന്നിവർ ഔട്ട്സോഴ്സിങ് ഏജൻസി വഴി നിയമിതരായവരാണ്. ഇവർ ട്രസ്റ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളോ അടുത്തവരോ ആണെന്നാണു വിവരം. രത്‌നേഷിന്റെയും ഗഗൻദീപിന്റെയും മേൽനോട്ടത്തിലായിരുന്നു ഇവരുടെ ജോലി. സുഭാഷ് ശ്രീവാസ്തവയും ടിന്നു യാദവും മറ്റു രണ്ട് പ്രതികളാണ്.


Source link

Back to top button