മഴയും ഇടയ്ക്കിടെ ചൂടും! തൊണ്ടവേദന കുറയുന്നില്ലേ? പ്രതിവിധി അടുക്കളയിൽ തന്നെയുണ്ട്

പ്രതീകാത്മക ചിത്രം
കാലവർഷം തുടങ്ങിയതോടെ പനിയും മറ്റ് അസുഖങ്ങളും വിടാതെ പിന്തുടരുകയാണ്. എണ്ണമറ്റ പകർച്ചവ്യാധികൾ കേരളത്തിൽ പടർന്നുപിടിക്കുമ്പോൾ ഇവയിൽ നിന്നെല്ലാം അകന്നുനിൽക്കുകയെന്നത് ബുദ്ധിമുട്ടാണ്. പനി വന്നുഭേദമായാലും തൊണ്ട വേദനയും ചുമയും വിട്ടുമാറാതെ കൂടെക്കൂടും. ഇതിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ കണ്ടെത്താം.
മഴ നനഞ്ഞാലും, അസഹനീയമായ ചൂടിൽ വിയർത്താലും തൊണ്ട വേദന ഉണ്ടാകാനിടയുണ്ട്. ഇനി കാലാവസ്ഥയിൽ തന്നെ തണുപ്പും ചൂടും മാറി മാറി വന്നാലുള്ള കാര്യം പറയുകയും വേണ്ട. ഇത്തരം സന്ദർഭങ്ങളിൽ അസ്വസ്ഥതുടെ തുടക്കത്തിൽ തന്നെ വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇഞ്ചി, ഉപ്പ്, തേൻ, മഞ്ഞൾ തുടങ്ങിയവ ഉപയോഗിച്ച് അസഹനീയമായ തൊണ്ട വേദനയെയും ചുമയെയും പമ്പ കടത്താൻ കഴിയും.
തേനും ചൂടുവെള്ളവും
സഹിക്കാനാകാത്ത തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ചെറുചൂട് വെള്ളത്തിൽ അല്പം തേൻ ചേർത്ത് കുടിക്കാവുന്നതാണ്. തേനിൽ ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒന്നോ, രണ്ടോ സ്പൂൺ തേൻ ചേർത്താണ് കഴിക്കേണ്ടത്.
ഇഞ്ചിച്ചായ
തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഇഞ്ചിയിൽ ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടയിലെ വീക്കം, വേദന, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളെ തടയുന്നു. ഇഞ്ചി ചതച്ച് ചൂടുള്ള ചായയിൽ ചേർത്ത ശേഷം ചൂടോടെ തന്നെ ഇത് കുടിക്കുക. തൊണ്ടവേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കുന്നതിനൊപ്പം ചുമ കുറയുന്നതിനും സഹായിക്കും.
പാലും മഞ്ഞളും
അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന ഒന്നാണ് മഞ്ഞൾ. കറികൾക്ക് നിറവും രുചിയും നൽകുക മാത്രമല്ല, നല്ലൊരു ഔഷധം കൂടിയാണ് ഇത്. ചെറുചുടുള്ള പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതിലൂടെ തൊണ്ടയിലുണ്ടാകുന്ന വീക്കം, അലർജി തുടങ്ങിയവയ്ക്ക് ആശ്വാസം നൽകാൻ സാധിക്കും. പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത് സഹായിക്കും.
(വിട്ടുമാറാത്ത അസുഖങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്)
RELATED TOPICS: HEALTH, LIFESTYLE HEALTH, HOME REMEDIES, THROAT PAIN, COLD, COUGH, EASY TIPS
Source link


