ഇനി കടയിൽ നിന്ന് ഉള്ളി വാങ്ങേണ്ട; വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാം

മലയാളികൾക്ക് അടുക്കളയിൽ നിന്ന് മാറ്റി നിർത്താൻ പറ്റാത്ത ഒന്നാണ് ഉള്ളി. കടയിൽ നിന്നാണ് എല്ലാവരും ഉള്ളിവാങ്ങുന്നത്. എന്നാൽ വീട്ടിൽതന്നെ എളുപ്പത്തിൽ കൃഷിചെയ്യാൻ കഴിയുന്ന ഒന്നാണിത്. ചെറിയൊരു സ്ഥലമോ ഏതാനും ചട്ടികളോ മാത്രംമതി. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉള്ളികൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. കൃഷിയ്ക്ക് നല്ല നീർവാർച്ചയുള്ള മണ്ണാണ് ആവശ്യം. മണ്ണിൽ അൽപം മണൽ ചേർക്കുന്നത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
വിപണിയിൽ നിന്ന് നല്ല ഉള്ളി വാങ്ങി അവയുടെ മുകൾഭാഗം അൽപം മുറിച്ചുമാറ്റിയശേഷം മണ്ണിന് മുകളിൽ അൽപം കാണത്തക്കവിധം മണ്ണിൽ നടാം. മണ്ണ് നന്നായി കിളച്ച് കട്ട ഉടച്ചശേഷം അതിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് ചെറിയ തടങ്ങൾ ഉണ്ടാക്കി കൃഷിചെയ്യാം. ചട്ടിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ ആറുമുതൽ എട്ട് ഇഞ്ച് വരെ ആഴമുള്ള ചട്ടി തിരഞ്ഞെടുക്കണം.
നട്ട് മുപ്പത് ദിവസത്തിന് ശേഷം അൽപം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് അല്ലെങ്കിൽ ജെെവവളങ്ങൾ നൽകുന്നത് ഉള്ളിയുടെ വലിപ്പം വർദ്ധിപ്പിക്കാൻ നല്ലതാണ്. അറുപത് മുതൽ എഴുപത്തിയഞ്ച് ദിവസത്തിനുള്ളിൽ ഉള്ളി വിളവെടുപ്പിന് പാകമാകും. ഉള്ളിയുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങി മണ്ണിലേക്ക് വീഴാൻ തുടങ്ങുന്നതാണ് വിളവെടുക്കാറായെന്നതിന്റെ ലക്ഷണം. ശേഷം നിഴലിൽ രണ്ടോ മൂന്നോ ദിവസം ഉണക്കിയശേഷം ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം.
RELATED TOPICS: AGRICULTURE, AGRICULTURE NEWS, ONIONS, HOME, HOMETIPS, AGRICUTURE
Source link


