NEWS
ഭരണപരിഷ്കാര കമ്മിഷൻ ആഗ്രഹിച്ച് ലീഗും കേരള കോൺഗ്രസും; നോർക്കയിൽ കണ്ണുവച്ച് മാണി സി.കാപ്പൻ: ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ

തിരുവനന്തപുരം ∙ കാബിനറ്റ് പദവികൾ നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ. എം.കെ.മുനീർ (മുസ്ലിം ലീഗ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), പാലാ എംഎൽഎ മാണി സി.കാപ്പൻ എന്നിവരുടെ പേരുകളാണു ചർച്ചകളിലുള്ളത്. യുഡിഎഫിൽ പൂർണ അംഗത്വമില്ലെങ്കിലും മുന്നണിയുടെ വിശ്വസ്ത പങ്കാളിയായ ആർഎംപി പദവികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. മദ്യനയം, പിഎം ശ്രീ ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുന്നണിക്കു മുന്നിലുണ്ടെങ്കിലും കാബിനറ്റ് പദവികളിലും വൈകാതെ ഔദ്യോഗിക ചർച്ചകൾ നടക്കും.എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ, വയോജന കമ്മിഷൻ അധ്യക്ഷപദവികളിലൊന്ന് നൽകണമെന്ന നിലപാടിലാണു ലീഗ്. ഘടകകക്ഷി നേതാക്കൾക്കു കാബിനറ്റ് പദവി നൽകുകയാണെങ്കിൽ ആദ്യം പരിഗണിക്കേണ്ട പേര് പി.ജെ.ജോസഫിന്റേതാണെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. പദവി പേരെടുത്ത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം പാർട്ടി ആഗ്രഹിക്കുന്നു. ഭരണരംഗത്ത് ജോസഫിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പദവി എന്ന ആവശ്യമാണ് പാർട്ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി മന്ത്രി മോൻസ് ജോസഫ് ആശയവിനിമയം നടത്തുന്നുണ്ട്.
Source link


