CINEMA

മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ സ്വഭാവഹത്യ നടത്തി,​ ജനപ്രതിനിധി  മുതൽ പലരും കൂട്ടുനിന്നു,​ വെളിപ്പെടുത്തലുമായി അൻസിബ

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വ്യാജവും അശ്ലീലം നിറഞ്ഞതുമായി വീഡിയോ നിർമ്മിച്ച് പ്രചാരണം നടത്തിയതിനെതിരെ നടിമാരായ ശ്വേത മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച് അൻസിബ ഹസൻ,​ വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം. എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് അൻസിബ വ്യക്തമാക്കി. ആദ്യം ‘ മേത്തച്ചി’യാക്കി , പിന്നെ ജിഹാദിയാക്കി. മതപരിവർത്തനത്തിന്റെ പേരിൽ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ ” തളരരുത് ” എന്ന സന്ദേശം അയച്ചെന്നും അൻസിബ കത്തിൽ ചൂണ്ടിക്കാട്ടി.

അൻസിബയുടെ കുറിപ്പ്

എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി… ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.

ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല.

ലക്ഷങ്ങൾ ഒഴുക്കി പി.ആർ ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെട്ടില്ല.

ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുട്ടിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.

സ്‌നേഹത്തോടെ, അൻസിബ ഹസ്സൻ!


Source link

Back to top button