NEWS
‘എന്നെ ഭീഷണിപ്പെടുത്തേണ്ട, പതറില്ല; ആക്ഷേപിച്ചാൽ അതേ നാണയത്തിൽ തിരിച്ചടി’

കൊച്ചി ∙ മൈക്രോ ഫിനാൻസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം എറണാകുളം ടൗൺഹാളിൽ യോഗത്തിന്റെ ജില്ലയിലെ ഒമ്പത് യൂണിയനുകൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈഴവസമുദായത്തിലെ സാധാരണക്കാർക്കിടയിലേക്ക് മൈക്രോ ഫിനാൻസിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇപ്പോഴും മൈക്രോ ഫിനാൻസ് പദ്ധതി ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ട്. പത്മ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ അതിന്റെ ശോഭ കെടുത്താൻ യാഥാർഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളിൽ ഏകപക്ഷീയമായി ചർച്ചകൾ നടത്തിയിട്ടും കേസുകൊടുത്തിട്ടും ഒന്നും നടന്നില്ല. ഇതിന് പിന്നിൽ കളിച്ചവരെ ഈ സമൂഹത്തിന് അറിയാം. ഭീഷണികൾക്ക് മുന്നിൽ പതറില്ല. വെല്ലുവിളികൾ ഉൗർജമാക്കി ഇരട്ടി ശക്തിയോടെ പ്രവർത്തിക്കുകയാണ് തന്റെ രീതി. ഇവർക്കുള്ള മറുപടിയാണ് തന്നെ അനുമോദിക്കാൻ ഇവിടെ എത്തിയ ജനക്കൂട്ടമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Source link


