HEALTH
എനർജി ഡ്രിങ്കുകൾ കുടിക്കുന്നവരാണോ? പണികിട്ടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇക്കാലത്ത് യുവാക്കൾക്കിടയിൽ വളരെയേറെ പ്രചാരം നേടിയ ഒന്നാണ് എനർജി ഡ്രിങ്കുകൾ (Energy Drinks). എന്നാൽ, കേവലം രുചി കൊണ്ടല്ല, മറിച്ച് അമിത ഊർജ്ജം നൽകുന്നു എന്നവകാശപ്പെടുന്ന പരസ്യങ്ങൾ വഴിയാണ് ഇവ വിപണി കീഴടക്കിയത്. പരീക്ഷയ്ക്കായി രാത്രിയിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളും, ഓഫീസിലെ ജോലിഭാരം തീർക്കാൻ ശ്രമിക്കുന്ന യുവപ്രൊഫഷണലുകളും ഇന്ന് ഊർജ്ജത്തിനായി ഇത്തരം പാനീയങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇവയുടെ സ്ഥിരമായ ഉപയോഗം നമ്മുടെ ആന്തരികാവയവങ്ങളെ, പ്രത്യേകിച്ച് വൃക്കകളെ (Kidneys) ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.അമേരിക്കയിലെ മരിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത അനസ്തെഷ്യോളജി ആൻഡ് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ വിദഗ്ദ്ധനായ ഡോ. കുനാൽ സൂദ് ഇൻസ്റ്റഗ്രാമിലൂടെ എനർജി ഡ്രിങ്കുകൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിവരിക്കുന്നു.വൃക്കകളെ എങ്ങനെ ബാധിക്കുന്നു? വല്ലപ്പോഴും ഒരിക്കൽ എനർജി ഡ്രിങ്ക് കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യില്ലെങ്കിലും, ഇത് ഒരു ശീലമാക്കുന്നത് അപകടകരമാണെന്ന് ഡോ. സൂദ് വ്യക്തമാക്കുന്നു.”എനർജി ഡ്രിങ്കുകളിൽ വലിയ തോതിൽ കഫീൻ (Caffeine), ടോറിൻ (Taurine), ഗ്വാരന (Guarana) തുടങ്ങിയ ഉത്തേജനപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഉയർന്ന അളവിൽ ശരീരത്തിലെത്തുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കുകയും, നിർജ്ജലീകരണത്തിന് (Dehydration) കാരണമാവുകയും ചെയ്യുന്നു. ഇത് വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കാൻ ഇടയാക്കും.”പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരിൽ വളരെ വേഗത്തിൽ വൃക്കരോഗങ്ങളിലേക്ക് നയിച്ചേക്കാം. സ്ഥിരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ പൂർണ്ണമായും തകരാറിലാക്കാനുള്ള (Acute Kidney Injury) സാധ്യതയുണ്ട്.ഉയർന്ന പഞ്ചസാരയുടെ അളവ് മറ്റു സോഫ്റ്റ് ഡ്രിങ്കുകളെപ്പോലെ തന്നെ എനർജി ഡ്രിങ്കുകളിലും അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു കാൻ എനർജി ഡ്രിങ്കിൽ സാധാരണയായി 40 ഗ്രാമിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം കൂട്ടുമെങ്കിലും, തൊട്ടുപിന്നാലെ തന്നെ ഊർജ്ജനില കുത്തനെ താഴാനും ക്ഷീണം തോന്നാനും കാരണമാകും. കൂടാതെ, ഉയർന്ന അളവിലുള്ള പഞ്ചസാര ശരീരത്തിൽ നിർജ്ജലീകരണത്തിന് ആക്കം കൂട്ടുകയും യൂറിക് ആസിഡിന്റെ (Uric acid) അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കളിൽ പോലും അമിതമായ എനർജി ഡ്രിങ്ക് ഉപയോഗം മൂലം പെട്ടെന്ന് വൃക്കസ്തംഭനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Source link


