NEWS
പ്രവാസികൾ ഇച്ഛിച്ചു; സതീശൻ കൽപിച്ചു, കൃത്യസമയത്ത് പ്രഖ്യാപനം, ‘ഗൾഫുകാർക്ക്’ നേട്ടം

കൊച്ചി ∙ പ്രവാസി നിക്ഷേപ ഫണ്ടിനു രൂപം കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം വന്നത് ഗൾഫിലെ അസ്ഥിരത മൂലം പ്രവാസി വ്യവസായികൾ നാട്ടിൽ അവസരം നോക്കുന്ന അതേ സമയത്ത്. ഗൾഫ് നാടുകളിലെ ഒട്ടേറെ പ്രവാസികൾ നിലവിൽ ബിസിനസ് കേരളത്തിലേക്കു മാറ്റുന്ന തിരക്കിലാണ്. അവിടെ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പണം നാട്ടിലേക്ക് മുഴുവനായി അയയ്ക്കുന്നവരുണ്ട്. മിക്കവരും അവിടത്തെ ബിസിനസിന്റെ ബാക്ക് ഓഫിസ് കേരളത്തിലാക്കുന്നു. അവിടത്തെ മലയാളി ജീവനക്കാരെ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇതിനായി ഓഫിസ് സ്ഥലത്തിനു ഡിമാൻഡ് കൂടിയിട്ടുണ്ട്. സൗദിയിലെ ബിസിനസുകളിൽ 70% തൊഴിലവസരങ്ങളും തദ്ദേശ പൗരൻമാർക്കു നൽകണമെന്നുള്ള നിബന്ധനയും ഇതിനു പ്രേരണയായി.റെമിറ്റൻസ് ഇക്കോണമിയിൽനിന്ന് നിക്ഷേപ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റം സുപ്രധാനമാണെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് (ശങ്കർ ആൻഡ് മൂർത്തി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദുബായ്) മണി അനന്തശിവൻ അഭിപ്രായപ്പെട്ടു. ഒട്ടേറെ മേഖലയിൽ കഴിവു തെളിയിച്ചവരാണ് പ്രവാസികൾ. അവരുടെ കഴിവും അനുഭവവും രാജ്യാന്തര പ്രവൃത്തിപരിചയവും കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കേരളം ഉയർച്ചയിലേക്കു കുതിക്കും.
Source link


