NEWS
മുടി വെട്ടാൻ ആപ് അധിഷ്ഠിത സ്ഥാപനത്തിൽ 350 രൂപ; ആപ്പുകൾ കീശ ചോർത്തുമോ? ചർച്ചയായി യുവാവിന്റെ പോസ്റ്റ്

മുംബൈ ∙ ഫോൺ സ്ക്രീനിൽ ഒന്നു തൊട്ടാൽ വീട്ടുമുറ്റത്തു സേവനങ്ങളെത്തിക്കുന്ന ആപ് അധിഷ്ഠിത കമ്പനികളുടെ പ്രവർത്തനം യഥാർഥത്തിൽ കീശ ചോർത്തുന്നുണ്ടോ? മുംബൈ നിവാസിയായ അനിരുദ്ധ് കേജ്‌രിവാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ രാജ്യത്തെ ഡിജിറ്റൽ ഉപയോക്താക്കൾക്കിടയിലെ പ്രധാന ചർച്ചകളിലൊന്ന്. മുടി വെട്ടാൻ ആപ് അധിഷ്ഠിത സ്ഥാപനം 350 രൂപ ഇൗടാക്കുമ്പോൾ സാധാരണ ബാർബർ ഷോപ്പ് വാങ്ങുന്നത് 60 രൂപയാണെന്ന പോസ്റ്റാണു ചർച്ചയായത്.പുതിയ സ്ഥലത്തേക്കു താമസം മാറിയ അനിരുദ്ധ്, മുടി വെട്ടാനായി അടുത്തുള്ള സലൂൺ തേടിയപ്പോൾ, ഗൂഗിൾ മാപ് ഒന്നര കിലോമീറ്ററുണ്ടെന്നു കാണിച്ചു. അത്രയും ദൂരം നടക്കാനുള്ള മടി കാരണം സ്വകാര്യ ഹോം സർവീസ് ആപ് വഴി 350 രൂപയ്ക്കു മുടി വെട്ടാൻ ബുക്ക് ചെയ്തു. എന്നാൽ ജീവനക്കാരന്റെ ബൈക്ക് കേടായതിനെ തുടർന്നു സേവനം ലഭിക്കാൻ വൈകിയതോടെ, ബുക്കിങ് റദ്ദാക്കി പുറത്തിറങ്ങിയ അനിരുദ്ധ് തന്റെ ഫ്ലാറ്റിനു തൊട്ടടുത്തു തന്നെ ഒരു സാധാരണ ബാർബർ ഷോപ്പ് കണ്ടെത്തി, മുടി വെട്ടി. ചെലവ് വെറും 60 രൂപ!. പലപ്പോഴും നമ്മുടെ സൗകര്യത്തിനായോ അലസത കാരണമോ നൽകേണ്ടി വരുന്ന വില അഞ്ചിരട്ടിയോളമാണെന്നാണ് അനിരുദ്ധ് പറയുന്നത്.
Source link


