NEWS

കേരളത്തിലേക്കുള്ള കന്നുകാലി ലോഡ് തടയുന്നു; ബീഫ് വില കുതിക്കുന്നു: മുഖ്യമന്ത്രിക്ക് പരാതി നൽകി


പാലക്കാട് ∙ കേരളത്തിലേക്കു വരുന്ന ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നതു പതിവായതോടെ അതിർത്തി കടന്നുള്ള കന്നുകാലി വരവ് കുറഞ്ഞു; ഇതോടെ ബീഫ് വിലയും വർധിച്ചു. പ്രശ്നത്തിൽ ഇടപെടാൻ മുഖ്യമന്ത്രി വി.ഡി.സതീശന് വ്യാപാരികൾ നിവേദനം നൽകി. നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് സംരക്ഷണമൊരുക്കണമെന്നാണ് ആവശ്യം. വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് തുടങ്ങിയ പ്രധാന ചന്തകളിലേക്ക് ഒരുമാസം മുൻപുവരെ 50 ലോഡ് കന്നുകളാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ അത് 14 മുതൽ 20 വരെ മാത്രം. വിവിധ സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമത്തിന്റെ പേരിൽ ‌സംഘടിതമായി എത്തുന്നവർ കന്നുകളുമായി വരുന്ന ലോറി തടഞ്ഞ് പണം ചോദിക്കുന്നതും അതിക്രമം നടത്തുന്നതുമാണ് ലോഡ് നിലയ്ക്കാൻ കാരണമായത്. ഇതോടെ ബീഫിന് കിലോയ്ക്ക് 450 മുതൽ 540 രൂപ വരെയായി വർധിച്ചു. ചിലയിടങ്ങളിൽ 380 മുതൽ 400 വരെയാണ് വില. ഗോ രക്ഷാപ്രവർത്തകർ എന്ന പേരിലെത്തുന്നവർ ചോദിക്കുന്ന പണം നൽകാൻ തയാറായില്ലെങ്കിൽ പൊലീസിൽ പരാതി നൽകി വാഹനം പിടിച്ചെടുക്കുന്ന സാഹചര്യമാണെന്നു വ്യാപാരികൾ പറയുന്നു. 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുന്നത്.


Source link

Back to top button