NEWS

കശുവണ്ടി അഴിമതിക്കേസ്: സർക്കാരിനു തിരിച്ചടി; പ്രിൻസിപ്പൽ സെക്രട്ടറിയുടെ അപ്പീൽ തള്ളി


കൊച്ചി∙ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വീണ്ടും തിരിച്ചടി. സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തേ സിംഗിൾ ബെഞ്ച് മുൻപാകെ നേരിട്ടു ഹാജരാകണമെന്ന നിർദേശത്തില്‍ ഡിവിഷൻ ബെഞ്ച് ഇളവ് നൽകിയിരുന്നു. ഇന്നത്തെ വിധിയോടെ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരുടെ കാര്യത്തിൽ സർക്കാരും പ്രതിരോധത്തിലായി.സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് പരിഗണിക്കണമെന്ന് സിംഗിൾ‍ ബെഞ്ച് കഴിഞ്ഞ ഏപ്രിൽ 10ന് ഉത്തരവിട്ടിരുന്നു. തുടർച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാനും ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്ന് മാത്രമാണ് ഒഴിവാക്കിയത് എന്നും പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം ഈ മാസം 19നകം അറിയിക്കാനും കോടതി നിർദേശിച്ചിരുന്നു. 


Source link

Back to top button