അമിതമായ എണ്ണ വേണ്ട; മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം ചായക്കടയിലെ മൊരിഞ്ഞ ഉള്ളിവട

മഴക്കാലത്ത് ചായയോടൊപ്പം നല്ല ചൂടുള്ള നാടൻ പലഹാരം കഴിക്കാൻ ആഗ്രഹിക്കാത്തവർ കുറവാണ്. കടകളിൽ നിന്ന് പലഹാരം വാങ്ങുന്നതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ അവ പാകം ചെയ്യുന്നതാണ്. ചായയോടൊപ്പം കഴിക്കാൻ നല്ല കേരള സ്റ്റെൽ ഉള്ളിവട ഉണ്ടാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
സവാള – മൂന്നെണ്ണം (നീളത്തിൽ അരിഞ്ഞത്)
മെെദ – അര കപ്പ്
അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
കറിവേപ്പില – രണ്ട് തണ്ട് (അരിഞ്ഞത്)
മല്ലിയില
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അഞ്ച് മിനിട്ട് കെെകൊണ്ട് നന്നായി കുഴയ്ക്കുക. അതിലേക്ക് മെെദ, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർക്കുക. വെള്ളം വളരെ കുറച്ച് മാത്രം ചേർക്ക് കട്ടിയുള്ള മിശ്രിതമാക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കണം. മിശ്രിതം ചെറിയ ഉരുളകളാക്കി കെെകൊണ്ട് അൽപം പരത്തി എണ്ണയിൽ ഇടുക.മിതമായ തീയിൽ ഇരുവശവും തിരിച്ചിട്ട് വറുത്തെടുക്കാം. എണ്ണ വാർന്നശേഷം ചൂടോടെ വിളമ്പാം.
Source link


