NEWS
സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ? നടപടികൾക്ക് 16നു തുടക്കം; മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാം

കണ്ണൂർ ∙ ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16നു തുടക്കമാവും. ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം കഴിയുന്നത്ര ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അഭ്യർഥിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനു പുറമേ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.ജൂലൈ ഒന്നുമുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുൻപ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്കു സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തിരഞ്ഞെടുക്കാം.വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐഡി എസ്എംഎസ് ആയും ഇ-മെയിലായും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഐഡി അവർക്ക് നൽകിയാൽ മതിയാവും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വിവരങ്ങൾ ഡേറ്റബേസിലേക്ക് പോവുകയുള്ളൂ.
Source link


