NEWS

വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസ് സംഘത്തിനും മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കുടുംബാംഗങ്ങൾ. നെയ്യാറ്റിൻകര കൊറ്റാമത്ത് കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് കുടുംബാംഗങ്ങൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കുടുംബാംഗങ്ങൾ വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച് മടങ്ങുകയായിരുന്നു. അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പാറശാല സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ഒഴിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.

27 വർഷങ്ങൾക്ക് മുമ്പ് ചികിത്സാ ആവശ്യത്തിനായി പാറശാല സ്വദേശിയായ ജെയിംസ് തമിഴ്‌നാട് സ്വദേശി മോഹൻദാസ് എന്ന ഫിനാൻസ് ഉടമയിൽ നിന്ന് 1,60,000 രൂപ കടം വാങ്ങിയിരുന്നു. ഈ വീടും സ്ഥലവും ഈട് നൽകിക്കൊണ്ടാണ് വായ്പ എടുത്തിരുന്നത്. പല തവണകളായി 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചതായാണ് കുടുംബം അവകാശപ്പെടുന്നത്. പത്ത് വർഷം മുമ്പ് ജെയിംസ് മരണപ്പെട്ടതിന് ശേഷം മോഹൻദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

കോടതി വിധിയുമായി എത്തിയ മോഹൻദാസിനോട് 17 ലക്ഷം രൂപ നൽകാമെന്ന് ജെയിംസിന്റെ മകൾ പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. വീട്ടമ്മയെയും മക്കളെയും നിർബന്ധപൂർവ്വം ഒഴിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപിക്കുന്നത്. വീട്ടുകാർ കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അധികൃതർ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നാണ് പരാതി. തുടർന്നാണ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
TAGS: LOCAL NEWS, THIRUVANANTHAPURAM, SUICIDE ATTEMPT, NEYYATTINKARA, CONFISCATION


Source link
NEWS

Back to top button