NEWS

മോഷ്ടാക്കൾ കാരണം ബൈപ്പാസിന്റെ നിർമാണം പോലും മുടങ്ങുന്നു; മംഗലപുരത്ത് മോഷ്ടാക്കൾക്ക് ‘മംഗള’കാലം


മംഗലപുരം ∙ സ്വർണവില കുതിച്ച് ഉയർന്നതോടെ മോഷ്ടാക്കളുടെ പറുദീസയായി മംഗലപുരം. പൊലീസിന്റെ രാത്രി പരിശോധന നിർജീവമായതു മുതലെടുത്ത് ആണ് മോഷ്ടാക്കൾ വിലസുന്നത്. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നമ്പ്യാർകുളത്ത് അടച്ചിട്ട വീട് കുത്തിപൊളിച്ചു 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതാണ് ഒടുവിലത്തെ സംഭവം. വീട് പണിക്കായി പണയംവയ്ക്കാൻ എടുത്തു വച്ചതായിരുന്നു ആഭരണങ്ങൾ. വീട്ടുകാർ ആലുവയിൽ യാത്ര പോയി മടങ്ങി എത്തിയതും വീട് കൊള്ളയടിക്കപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപ് ആണ് പളളിപ്പുറത്തെ സ്വകാര്യ പാർക്കിൽ കവർച്ച നടന്നത്. ഓഫിസ് മുറി കുത്തിത്തുറന്ന് 5000 രൂപ കവർന്നു. തൊട്ടടുത്ത ദിവസം പാർക്കിനു സമീപം ഐ.ടി ജീവനക്കാർ താമസിക്കന്ന ഹോസ്റ്റലിൽ നിന്നു ലാപ് ടോപ്പുകളും ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളും മോഷണം പോയി. പാർക്കിൽ മോഷണം നടത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിന് ലഭിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല. നമ്പ്യാർകുളത്തെ കവർച്ചയിൽ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചതല്ലാതെ കാര്യമായി തുമ്പൊന്നും ലഭിച്ചിട്ടില്ല.മോഷ്ടാക്കൾ കാരണം ബൈപ്പാസിന്റെ നിർമാണം പോലും മുടങ്ങുന്ന അവസ്ഥയാണ് ഇവിടെ. റോഡ് പണിക്കായി ഇറക്കിയിട്ട കിലോകണക്കിനു കമ്പികളും ഉപകരണങ്ങളും ആണ് മോഷ്ടാക്കൾ കടത്തിയത്. പള്ളിപ്പുറം മുതൽ മംഗലപുരം വരെ 4 സൈറ്റുകളിൽ നിന്നായി ലക്ഷങ്ങളുടെ സാധനങ്ങളാണ് നഷ്ടമായത്. തൂണുകൾ പണിയാനായി അളന്നു മുറിച്ച് കെട്ടിയിട്ടിരുന്ന കമ്പികൾ മോഷണം പോയതോടെ നിർമാണം ദിവസങ്ങളോളം നഷ്ടമായി. പൊലീസ് സ്റ്റേഷനു മുൻപിലെ റോഡിൽ നിന്നു സ്കൂട്ടർ മോഷ്ടിച്ചതടക്കം 4 മാസത്തിനിടയിൽ ഒരു ഡസൻ മോഷണം ആണ് അരങ്ങേറിയത്. കണിയാപുരത്ത് കമ്പിപ്പാരയുമായി രാത്രി മോഷണത്തിന് ഇറങ്ങിയ ബാബു എന്ന മോഷ്ടാവിനെ നാട്ടുകാരാണ് ഓടിച്ചിട്ട് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 120 ഓളം മോഷണകേസുകളിൽ പ്രതിയാണ് ബാബു.


Source link

Back to top button