മകൾ സബൈനയ്‌ക്ക് ആശംസകൾ നേർന്ന് ശ്വേത മേനോൻ; കളിമണ്ണ് ഓർത്തെടുത്ത് ആരാധകർ

പുതിയ അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിലേക്ക് കടക്കുന്ന മകൾ സബൈനയ്‌ക്ക് ആശംസകൾ നേർന്ന് നടി ശ്വേത മേനോൻ. സ്‌നേഹാർദ്രമായ കുറിപ്പിനൊപ്പം മകളുടെ ഒരു ചിത്രവും താരം പങ്കുവച്ചു. കുഞ്ഞിന്റെ സ്വകാര്യതയ്‌ക്ക് എപ്പോഴും മുൻഗണന നൽകുന്ന താരം സബൈനയുടെ മുഖം വ്യക്തമല്ലാത്ത ചിത്രമാണ് പങ്കുവച്ചത്. ‘ഒമ്പതാം ക്ലാസിലേക്ക് ചുവടുവയ്‌ക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് എല്ലാവിധ ആശംസകളും. ഈ വർഷം നിന്നിൽ ആത്മവിശ്വാസവും ജിജ്ഞാസയും അഭിമാനനിമിഷങ്ങളും നിറയ്‌ക്കട്ടെ’- ശ്വേത മേനോൻ കുറിച്ചു.
നിരവധിപേർ സബൈനയ്‌ക്ക് ആശംസകളുമായി രംഗത്തെത്തി. പലരും കളിമണ്ണ് സിനിമയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഓർത്തെടുത്തു. മലയാളക്കര ഏറെ ചർച്ചചെയ്‌ത സംഭവമായിരുന്നു ശ്വേതമേനോന്റെ പ്രസവം. ജനിച്ചപ്പോൾ തന്നെ കളിമണ്ണ് സിനിമയിലൂടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത മുഖമാണ് മകൾ സബൈനയുടേത്. എന്നാൽ, പിന്നീടിങ്ങോട്ട് സബൈനയെ മീഡിയയ്‌ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ശ്വേത മേനോൻ താൽപര്യം കാണിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന ശീലവും ശ്വേതയ്‌ക്കില്ല.
കളിമണ്ണിനായി ഷൂട്ട് ചെയ്‌ത പ്രസവ വീഡിയോ ഹാർഡ് ഡിസ്‌കിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും മകൾക്ക് 18 വയസാകുമ്പോൾ അത് സമ്മാനിക്കുമെന്നും ശ്വേത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ന് താരസംഘടനയായ അമ്മയുടെ നേതൃനിരയിൽ സജീവമാണ് ശ്വേത മേനോൻ. തൃശൂർ സ്വദേശിയും മുംബയിൽ ബിസനസുകാരനുമായ ശ്രീവത്സൻ മേനോനാണ് ശ്വേതയുടെ ഭർത്താവ്.
Source link


