NEWS
മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ഉടനില്ല, സാവകാശം 16 വരെ; താമസക്കാർക്കും സംസ്ഥാന സർക്കാരിനും ആശ്വാസം

കൊച്ചി∙ മലയിടംതുരുത്തിലെ താമസക്കാർക്കും സംസ്ഥാന സർക്കാരിനും താൽക്കാലികാശ്വാസം. മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ 7 ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഈ മാസം 16 വരെ ഹൈക്കോടതി നീട്ടി. ജൂൺ ഒമ്പതു വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്. സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് ജസ്റ്റിസ് ടി.ആർ.രവി ഇത് ഒരാഴ്ച കൂടി നീട്ടിയിരിക്കുന്നത്.പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച് മേയ് 25ന് സമയം ജൂൺ 9 വരെ നീട്ടിയിരുന്നു. എന്നാല്‍ ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ജൂൺ ഒന്നിന് ഉത്തരവിട്ടതോടെ ആലുവ റൂറൽ എസ്പിയും തടിയിട്ടപറമ്പ് എസ്എച്ച്ഒയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുൻസിഫ് കോടതി ഉത്തരവ് ഹൈക്കോടതി അനുവദിച്ച സാവകാശത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ അടിയന്തര ഹർജി.
Source link


