LIFESTYLE

തേൾ കുത്തിയാൽ വിഷമേൽക്കുക മാത്രമല്ല,​ സംഭവിക്കുക മറ്റൊരു പ്രശ്‌നം കൂടി,​ ജന്തുക്കളുടെ കൂട്ടത്തിൽ ആദ്യം

എട്ട് കാലുകളും കട്ടിയേറിയ ശരീര കവചങ്ങളും വലിയ രണ്ട് കൈകളുമുള്ള ജീവിയാണല്ലോ തേളുകൾ. ഇവയുടെ വാലറ്റത്തുള്ള കൂർത്ത ഭാഗത്ത് വിഷമുള്ളതിനാൽ മിക്ക ജീവികൾക്കും തേളിനെ പേടിയാണ്. ഈ വാൽ ഉപയോഗിച്ച്‌ കുത്തി‌ പ്രാണികളെയും മറ്റും പിടികൂടി ആഹാരമാക്കാറുണ്ട് അവ. വാലറ്രത്ത് മാത്രമല്ല അവയുടെ മുന്നിലെ രണ്ട് വലിയ കൈകളും അപകടകരം തന്നെയാണ്. ഇപ്പോഴിതാ തേൾ വിചാരിച്ചതിലും അപകടകാരിയാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ബയോളജിസ്റ്റായ സാം കാംപെലിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം ദി റോയൽ സൊസൈറ്റി ഇന്റർഫേസിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം സിങ്ക്, മാംഗനീസ്, ഇരുമ്പ് എന്നീ ലോഹങ്ങൾ തേളിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തി.

18തരം തേൾ സ്‌പീഷീസുകളിൽ എക്‌സ്‌റേ ഇമാജിംഗ്, ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പി, അൾട്രാ ഫൈൻ ലേസറുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ ലോഹങ്ങളുടെ സാന്നിദ്ധ്യം കണ്ടത്. മിക്ക തേളുകളുടെ ശരീരവും കൂരിരുട്ടിൽ നന്നായി തിളങ്ങാറുമുണ്ട്. ‘തേളിന്റെ ആയുധങ്ങളിൽ അവയുടെ വാലറ്റത്തെ മുള്ളും അവയുടെ വലിയ മുൻകൈകളും ഉൾപ്പെടുന്നു. ഇതുകൂടാതെ ഇവയിൽ സിങ്ക്, മാംഗനീസ്, ഇരുമ്പ് എന്നിങ്ങനെ ലോഹങ്ങളുടെ അംശവും അടങ്ങിയിരിക്കുന്നു. എന്നാലും വിവിധ സ്‌പീഷീസുകളിൽ ഇവ എത്ര അടങ്ങിയിട്ടുണ്ടെന്നത് കുറച്ചുമാത്രമേ അറിയാനായിട്ടുള്ളൂ.’ ഗവേഷണസംഘം പറയുന്നു.

ശരീരത്തിലാകെ ഈ ലോഹങ്ങളുടെ അംശം ഇവയിൽ കാണുന്നില്ല. ഇരതേടാൻ ഉപയോഗിക്കുന്ന പ്രധാനഭാഗങ്ങളായ വലിയ കൈകളിലും വാലറ്റത്തുമാണ് ഈ ലോഹങ്ങളുടെ അധികശേഖരം ഉള്ളത്. എല്ലാ തേളുകളും ഒരേ പോലെയല്ല ഇരതേടുന്നത്. ചിലവ ആദ്യം തങ്ങളുടെ വാലറ്റം ഉപയോഗിച്ച് വെനം കുത്തിവച്ചശേഷം ഇരയെ പിടിക്കും. ചിലവ കട്ടിയേറിയ കൈകൾ കൊണ്ടുതന്നെ ഇരപിടിക്കുന്നെന്നും ഗവേഷകർ പറയുന്നു. കുത്താനുപയോഗിക്കുന്ന മുനയുടെ അറ്റത്തായി സിങ്കിന്റെ അംശം ധാരാളമുണ്ടാകും. തൊട്ടുപിന്നിലായി മഗ്നീഷ്യവുമുണ്ടാകും. ചെറുതും കട്ടികുറഞ്ഞതുമായ വാലറ്റത്ത് കൂടിയ അളവിൽ സിങ്കും ഇരുമ്പും ഉണ്ടാകാറുണ്ട്. ഇത് അവ ഏറെനാൾ നിലനിൽക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. ചില ജീവികൾക്ക് മുതിർന്നാലും മുറിഞ്ഞുപോകുന്ന ശരീരഭാഗങ്ങൾ വീണ്ടും മുളച്ചുവരും. എന്നാൽ തേളുകൾക്ക് അത് സാദ്ധ്യമല്ല അതിനാലാകും അവയുടെ അതിജീവനത്തിന് മുൻകൈകളിലും വിഷംനിറഞ്ഞ വാലറ്റത്തും വലിയ അളവിൽ ലോഹ അംശമുള്ളത്. എന്നാൽ ജന്തുലോകത്ത് ലോഹാംശം ശരീരത്തിലുള്ള ആദ്യ ഇരപിടിയന്മാരല്ല തേളുകൾ. ചിലയിനം ഉറുമ്പുകൾ, വേട്ടാവളിയന്മാർ, കുളവികൾ എന്നിവയിലും ലോഹാംശമുണ്ട്. എന്നാൽ അതിജീവനത്തിന് ഇത്രയധികം വിഷം ഉപയോഗിക്കുക ഇവതന്നെയാകും.


Source link

Back to top button